ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. കരസേനയിലെ കരട് വിജ്‌ഞാപനം ഇന്ന് പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്‌ചയും നാവികസേന ശനിയാഴ്‌ചയും കരട് വിജ്‌ഞാപനം പുറത്തിറക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കരസേനയിലെ റിക്രൂട്ട്മെന്റ് റാലി ഓഗസ്‌റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്‌റ്റനന്റ് ജനറൽ അനിൽ പുരി അറിയിച്ചിട്ടുണ്ട്. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
അതേസമയം, വിജ്‌ഞാപനം പുറത്തിറങ്ങുന്നതിന് പിന്നാലെ രാജ്യത്ത് പ്രക്ഷോഭം കനക്കാനാണ് സാധ്യത. ഇന്ന് ഉദ്യോഗാർഥികളുടെ വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് നടക്കും. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ പ്രതിഷേധം അതിശക്‌തമാകാനുള്ള സാധ്യതയാണുള്ളത്. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ് അടക്കമുള്ള സംസ്‌ഥാനങ്ങളിൽ സുരക്ഷ ശക്‌തമാക്കി.
ബിഹാറിൽ സംസ്‌ഥാന പോലീസിനും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനുകൾ പോലീസ് വലയത്തിലാണ്. യുപിയിൽ ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ സ്‌കൂളുകൾ അടച്ചിടാനാണ് തീരുമാനം.
Most Read: എഎ റഹീമിനെതിരായ പോലീസ് നടപടി; രാജ്യസഭാ ചെയർമാന് കത്തയച്ച് സിപിഎം എംപിമാർ






































