കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പുറപ്പെടുവിച്ച കരട് വിജ്‌ഞാപനങ്ങൾ അതേപടി നടപ്പാക്കില്ലെന്നും ദ്വീപുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമനിർമാണവും നടത്തുകയില്ലെന്നും അമിത് ഷാ തനിക്ക് ഉറപ്പ് നൽകിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പിപി മലബാർ ന്യൂസിനോട് പറഞ്ഞു.
ലക്ഷദ്വീപിൽ ‘ഉദ്യോഗസ്‌ഥ ഏകാധിപത്യ‘ ഭരണം പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുവെന്ന ദ്വീപ് ജനതയുടെ ആശങ്കകളെ തണുപ്പിക്കുന്നതാണ് എംപിയുടെ വാക്കുകൾ. പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ആരംഭിക്കാനിരിക്കെയാണ് എംപി മുഹമ്മദ് ഫൈസലിന് അമിത് ഷായുടെ ഉറപ്പ്.
അമിത് ഷായുമായുള്ള കൂടികാഴ്‌ചക്ക് ശേഷമാണ് എംപിയുടെ പ്രത്യാശയുള്ള വാക്കുകൾ. ദ്വീപ് നിവാസികളുടെ അഭിപ്രായം തേടിയും ദ്വീപിലെ പഞ്ചായത്ത് തലങ്ങളിലും രാഷ്‌ട്രീയ കൂടിയാലോചനകളും നടത്തിയ ശേഷമേ ഏത് നിയമങ്ങളും നടപ്പാക്കൂവെന്നും ആഭ്യന്തര മന്ത്രി തനിക്ക് ഉറപ്പുനൽകിയിട്ടുണ്ട് എന്നാണ് മുഹമ്മദ് ഫൈസൽ വ്യക്‌തമാക്കുന്നത്.
ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ‘സേവ് ലക്ഷദ്വീപ്’ ഫോറത്തിന്റെ യോഗം നാളെ കൊച്ചിയിൽ നടക്കുമെങ്കിലും നിലവിലെ സാഹചര്യത്തിൽ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ പ്രസിഡണ്ടുമായ അമിത് ഷായുടെ ഉറപ്പ് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. മറിച്ചുള്ള തീരുമാനമുണ്ടായാൽ സമരം ശക്‌തിപ്പെടുത്തുമെന്നും ഫൈസൽ പറഞ്ഞു.

ദ്വീപ് ജനതയെ ദ്രോഹിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്‌ദുൽ ഖാദർ ഹാജിയും അറിയിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുല്ലക്കുട്ടിക്ക് ഈ ഉറപ്പ് ലഭിച്ചതായി ഇന്നലെ ഉച്ചയോടെ ഇദ്ദേഹവും പറഞ്ഞിരുന്നു.
Most Read: ‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച