ന്യൂഡെല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനും ബിജെപി നേതാവുമായ ഡോ. സിവി ആനന്ദബോസിനെ പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്‌ദീപ് ധൻകർ ഉപരാഷ്‌ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധികച്ചുമതല വഹിക്കുന്നത്.
71കാരനായ ഇദ്ദേഹം 1977 ഐഎഎസ് ബാച്ചിലാണ് പുറത്തിറങ്ങിയത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടനത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര നേതൃത്വം സി വി ആനന്ദബോസിനെയും ജേക്കബ് തോമസിനെയുമാണ് നിയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ, ആനന്ദബോസ് മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കേരളത്തില്‍ നിന്നുള്ള മറ്റൊരു ബിജെപി നേതാവായ ശ്രീധരന്‍പിള്ള ഇപ്പോള്‍ ഗോവന്‍ ഗവര്‍ണറാണ്. കുമ്മനം രാജശേഖരനെയും ഗവര്‍ണര്‍മാരായി നിയോഗിച്ചിരുന്നു. ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷനും ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണറായിരുന്നു.
ചീഫ് സെക്രട്ടറി റാങ്കിലാണ് ആനന്ദബോസ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, വൈസ് ചാൻസലർ പദവികൾ, അണുശക്‌തി വകുപ്പിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ചെയർമാൻ, യുഎൻ പാർപ്പിട വിദഗ്‌ധ സമിതി ചെയർമാൻ, ശ്രീപത്‌മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ചെയര്‍മാൻ എന്നിങ്ങനെ വിവിധ സ്‌ഥാനങ്ങൾ വഹിച്ച ഇദ്ദേഹം കോട്ടയം മാന്നാനം സ്വദേശിയാണ്.
Most Read: സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി