എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം

ഗ്രഹദോഷമോ ദൈവകോപമോ അമാനുഷിക ശക്‌തികളോ ആണ് സ്‌കീസോഫ്രീനിയക്ക് (ചിത്തഭ്രമം) പിന്നിലെന്ന് തെറ്റിദ്ധരിക്കുന്നവർ സമൂഹത്തിലേറെയാണ്. ഇത്തരം തെറ്റായ ധാരണകൾ രോഗിയെ തെറ്റായ ചികിൽസയിലേക്കും അതുവഴി ഗുരുതര പ്രതിസന്ധിയിലും എത്തിക്കും.

By Banu Isahak, Official Reporter
 • Follow author on
What is Schizophrenia Malayalam

ലോകം ദീർഘകാലത്തേക്ക് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി മാനസികരോഗം മാറിയിട്ടുണ്ടെന്നും ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്‌നം അനുഭവിക്കുന്നണ്ടെന്നും ലോകാരോഗ്യ സംഘടന കണക്കുകളുടെയും ഗവേഷണത്തിന്റെയും അടിസ്‌ഥാനത്തിൽ വ്യക്‌തമാക്കിയത്‌ ഈ കഴിഞ്ഞ മാസങ്ങളിലാണ്.

ഇതിൽ ഏറ്റവും ഗുരുതരമായ രോഗാവസ്‌ഥകളിൽ ഒന്നാണ് സ്‌കീസോഫ്രീനിയ അഥവാ ചിത്തഭ്രമം എന്ന മാനസിക രോഗാവസ്‌ഥ. കേരളത്തിലും സ്‌കീസോഫ്രീനിയ രോഗികളുടെ എണ്ണം കൂടുകയാണ്. ഈ സഹചര്യത്തിൽ സ്‌കീസോഫ്രീനിയ രോഗത്തെ സംബന്ധിച്ചും അതിന്റെ ചികിൽസാ പ്രാധാന്യങ്ങളെ കുറിച്ചും സമൂഹം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരുതരം ഉൻമാദ രോഗമാണ് സ്‌കീസോഫ്രീനിയ. മനുഷ്യന്റെ ചിന്താശേഷിയെ അടിമുടി ബാധിക്കുന്ന, സ്വാധീനിക്കുന്ന രോഗാവസ്‌ഥയാണിതെന്ന് മാനസികാരോഗ്യ വിദഗ്‌ധർ വ്യക്‌തമാക്കുന്നു. ഈ രോഗാവസ്‌ഥയിലുള്ള ആളുകൾ ഒരേസമയം പരാക്രമികളായും തൊട്ടടുത്ത സമയം നിശബ്‌ദരായും കാണപ്പെട്ടേക്കാം. ദ്വിമുഖ ഭാവമാണിതിനുള്ളത്.

ഈ രോഗാവസ്‌ഥയെ പലരും യഥാർഥ രോഗമായി കാണുന്നില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്. ന്യൂനതകളോടെ വളർത്തിയതിന്റെയോ സമൂഹ പ്രശ്‌നങ്ങളുടെയോ ഫലമാണെന്നാണ് വിലയിരുത്തൽ. ഗ്രഹദോഷമോ ദൈവകോപമോ അമാനുഷിക ശക്‌തികളോ ആണെന്ന് പോലും തെറ്റിദ്ധരിക്കുന്നവർ സമൂഹത്തിലുണ്ട്. ഇത്തരം തെറ്റായ ധാരണകൾ രോഗിയെ തെറ്റായ ചികിൽസയിലേക്കും ഗുരുതര പ്രതിസന്ധിയിലും എത്തിക്കും.

യഥാർഥത്തിൽ, മന്ത്രവാദമോ കൂടോത്രമോ ഒന്നുമല്ല ഈ രോഗാവസ്‌ഥയെ സൃഷ്‌ടിക്കുന്നത്‌. മറിച്ച് ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവക്കായി പ്രവർത്തിക്കുന്ന മസ്‌തിഷ്‌ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകളാണ് കാരണം.

ഇതൊരു വിരളമായ രോഗമല്ല. സമൂഹത്തിൽ നൂറിൽ ഒരാൾക്ക് ഏതെങ്കിലും സമയം ഈ രോഗമുണ്ടാകുന്നതായാണ് കണ്ടെത്തൽ. കേരളത്തിൽ ഏകദേശം മൂന്ന് ലക്ഷം ആളുകൾക്ക് ഈ രോഗമുണ്ട്. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ചിലരിൽ ദീർഘകാലം നീണ്ടു നിൽക്കും. മറ്റുചിലരിൽ വളരെ വേഗത്തിൽ ബേധമാകും.

എന്താണ് കാരണം?

വിവിധ ഘടകങ്ങൾ കൂടിച്ചേരുന്ന രോഗമാണിത്. തലച്ചോറിലെ നാഡീകോശങ്ങൾ പരസ്‌പരം കൈമാറാൻ ഉപയോഗിക്കുന്ന രാസപദാർഥങ്ങളായ ഡോപാമിൻ, ഗ്ളൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് അടിസ്‌ഥാന രോഗകാരണം. പാരമ്പര്യത്തിലുള്ള ആർക്കെങ്കിലും ചെറിയ രീതിയിലെങ്കിലും ഈ അസുഖം ഉണ്ടങ്കിൽ അടുത്ത തലമുറയിലേക്ക് പകരാനുള്ള സാധ്യത കൂടുതലുള്ള രോഗാവസ്‌ഥയാണിത്. മനഃശാസ്‌ത്രപരമായ വസ്‌തുതകള്‍, കുടുംബപ്രശ്‌നങ്ങള്‍, അമിത പാപബോധം,  തുടർച്ചയായുള്ള സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.

What is Schizophrenia Malayalam

ലക്ഷണങ്ങൾ ഇങ്ങനെ

സ്‌കീസോഫ്രീനിയക്ക് (ചിത്തഭ്രമം) പല ലക്ഷണങ്ങളാണുള്ളത്. പെട്ടെന്ന് തുടങ്ങുന്ന ഒരു രോഗമല്ല ഇത്. ക്രമേണ തുടങ്ങി ഒരായിരം മുഖങ്ങൾ ഈ രോഗാവസ്‌ഥയിൽ ഉണ്ടാകാറുണ്ട്.

 • ഒന്നിനോടും താല്‍പര്യമില്ലാതിരിക്കുക- മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, അച്ചടക്കം, ആഹാരം എന്നിവയിൽ അലസതയും താൽപര്യക്കുറവും.
 • സംശയ സ്വഭാവം- തന്നെ ആക്രമിക്കാൻ ആരോ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശക്‌തികൾ തന്റെ ചിന്തയെയും പ്രവർത്തികളെയും സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നിങ്ങനെ തെറ്റായതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ ചിന്തകൾ.
 • മിഥ്യാനുഭവങ്ങള്‍ – മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്‌ദങ്ങള്‍ കേള്‍ക്കുക.
 • വൈകാരിക മാറ്റങ്ങള്‍- ഭയം, ഉൽകണ്‌ഠ , നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക
 • അദൃശ്യവ്യക്‌തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത, അർഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്‌ടകൾ കാണിക്കുക, ആത്‌മഹത്യാ പ്രവണത.
 • കഠിനമായ ദേഷ്യം, കൊലപാതക വാസന

What is Schizophrenia Malayalam

രോഗമുക്‌തി സാധ്യമോ?

സ്‌കീസോഫ്രീനിയ രോഗികളിൽ 30 – 40 ശതമാനം വരെ പൂർണമായും രോഗമുക്‌തി നേടുമ്പോള്‍ 30 – 40 ശതമാനം പേര്‍ തുടര്‍ച്ചയായ പരിചരണത്തിന്റെയും മരുന്നുകളുടെയും സഹായത്താല്‍ ഏറെക്കുറെ മുന്നോട്ട് പോകാന്‍ കഴിവുള്ളവരാണ്.

ചികിൽസ എങ്ങനെ?

തുടക്കത്തിൽ തന്നെ ചികിൽസ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. ഔഷധ ചികിൽസ, മനഃശാസ്‌ത്ര ചികിൽസ, അസുഖത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തില്‍ പൂർണമായ ചികിൽസക്ക് സൈക്യാട്രിസ്‌റ്റ്, സൈക്കോളജിസ്‌റ്റ്, സൈക്യാട്രിക് നഴ്‌സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്‌റ്റ് എന്നിവരുടെ പരസ്‌പര ധാരണയോടുകൂടിയ ചികിൽസയാണ് അഭികാമ്യം.

What is Schizophrenia Malayalam

അസുഖത്തെക്കുറിച്ചും, അസുഖ ലക്ഷണങ്ങളെക്കുറിച്ചും അസുഖ കാരണങ്ങളെക്കുറിച്ചും ലഭ്യമായ ചികിൽസാ രീതികളെ കുറിച്ചും രോഗിയോട് കുടുംബാംഗങ്ങള്‍ പെരുമാറേണ്ട രീതികളെക്കുറിച്ചും നടത്തുന്ന വിശദമായ ചര്‍ച്ചകൾ ഉൾപ്പെട്ട ഫാമിലി തെറാപ്പിയും ഏറെ പ്രധാനമാണ്.

മരുന്നുകൾ മുടക്കരുത്

സ്വന്തം ഇഷ്‌ടപ്രകാരം മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത് രോഗം മൂർച്ഛിക്കാനും അനുബന്ധ പ്രശ്‌നങ്ങൾക്കും കാരണമാകും. ഡോക്‌ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരു കാരണവശാലും മരുന്നുകൾ മുടക്കരുത്. മരുന്നുകൾ ആവശ്യമാണെന്ന് തിരിച്ചറിയാത്ത രോഗികളും മരുന്നുകൾ കഴിക്കാത്ത രോഗികളുമുണ്ട്.

പാർശ്വഫലങ്ങളെ പേടിച്ച് മരുന്ന് കഴിക്കാത്തവരാണ് കൂടുതലും. അതേസമയം, മരുന്നുകൾ കഴിക്കണമെന്ന് പോലും മറന്ന് പോകുന്ന അവസ്‌ഥയാണ് സ്‌കീസോഫ്രീനിയ എന്നും ഓർമിക്കേണ്ടതുണ്ട്. ഇവിടെ പരിചരണമാണ് രോഗമുക്‌തി അടക്കമുള്ള കാരണങ്ങൾ നിർണയിക്കുന്നത്.

What is Schizophrenia Malayalam

മരുന്നുകൾ കൃത്യസമയത്ത് നൽകാനും മരുന്ന് കഴിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ രോഗിയെ പറഞ്ഞ് മനസിലാക്കാനും പരിചാരകർ ശ്രദ്ധിക്കണം. ആശുപത്രി വിട്ട രോഗികൾക്ക് മതിയായ ചികിൽസ ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്. മരുന്നുകൾ നിർത്തുന്ന രോഗികളിലും തുടർ ചികിൽസക്ക് പോകാത്തവരിലും രോഗാവസ്‌ഥ തിരിച്ച് വന്നേക്കാം. ചികിൽസ തുടരാൻ രോഗികളെ പ്രേരിപ്പിച്ച് ചികിൽസയിൽ സഹായിക്കുന്നതിലൂടെ പരിചാരകർക്ക് രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനാകും.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

 • രോഗിയെ കുറ്റപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യാതെ സന്തോഷത്തോടെയും ഊർജസ്വലതയോടെയും ജീവിക്കാൻ പ്രേരിപ്പിക്കുക.
 • പരിചാരകർ ദയയും ശ്രദ്ധയുമുള്ളവരാകണം.
 • മരുന്നുകൾ കൃത്യമായി കഴിക്കാൻ പ്രേരിപ്പിക്കണം.
 • രോഗികളിൽ ആത്‌മഹത്യാ പ്രേരണയുടെ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വിവരം ഉടൻ തന്നെ ഡോക്‌ടർമാരെ അറിയിക്കുക.
 • രോഗികളുടെ നല്ല പ്രവർത്തികളെ അഭിനന്ദിക്കുകയും തെറ്റായ പ്രവർത്തികളെ ശാന്തമായി തിരുത്തുകയും വേണം.
 • രോഗികളോട് തർക്കിക്കുന്ന രീതിയിൽ സംസാരിക്കരുത്.

What is Schizophrenia Malayalam

സ്‌കീസോഫ്രീനിയ രോഗികളുടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നുള്ള സംഘടനകൾ ഇന്ത്യയിൽ സാധാരണമല്ലങ്കിലും, പാശ്‌ചാത്യ രാജ്യങ്ങളിൽ നിരവധിയുണ്ട്. രോഗാവസ്‌ഥയെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ചികിൽസാ രീതികളെ കുറിച്ച് കൂടുതൽ അറിയുന്നതിനും പരിചാരകരെയും രോഗികളെയും സഹായിക്കാനും ഇത്തരം കൂട്ടായ്‌മകൾ സഹായിക്കുന്നുണ്ട്.

പാശ്‌ചാത്യ രാജ്യങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള നാഷണല്‍ അലയന്‍സ് ഫോര്‍ ദി മെന്റലി ഇല്‍ (NAMI) ഈ രംഗത്തെ പ്രമുഖ സംഘടനയാണ്. ഇന്ത്യയിൽ, ചെന്നൈയിലുള്ള സ്‌കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ (SCARF), ബെംഗളൂരുവിലുള്ള റിച്ച്‌മണ്ട് ഫെലോഷിപ്പ് (Richmond Fellowship) എന്നിവ ഇത്തരം സംഘടനകളില്‍ പെടുന്നു.

സ്‌കീസോഫ്രീനിയ രോഗികളുടെ പുനരധിവാസത്തിലും തുടര്‍പരിചരണത്തിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നതിനും ഇത്തരം സംഘടനകള്‍ക്ക് കഴിയും. ഒരേ വിഷമതകൊണ്ട് ക്‌ളേശിക്കുന്ന കുടുംബാംഗങ്ങളെ പരസ്‌പരം സഹായിക്കാനും ഇത്തരം സംഘടനകൾ ഏറെ സഹായകമാണ്. ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം സ്‌കീസോഫ്രീനിയ ഒരു രോഗമാണെന്ന് പൂർണമായും ഉൾക്കൊള്ളുക എന്നുള്ളതാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ തന്നെ ഡോക്‌ടറെ സമീപിക്കേണ്ടതുമാണ്.

വിവരങ്ങൾക്ക് കടപ്പാട്; ഡോ. അരുൺ ബി നായർ, ഡോ. അനീസ് അലി, ഡോ. പിഎൻ സുരേഷ്‌കുമാർ, ഡോ. എലിസബത്ത് ജോൺ, ഡോ. സികെ അനിൽകുമാർ

What is Schizophrenia Malayalam

Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE