കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ലക്ഷദ്വീപ് വിഷയത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രാഷ്‌ട്രപതിക്ക് ഒരു ലക്ഷം ഇ-മെയിലുകൾ അയക്കുന്ന ക്യാംപയിനിന്റെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ലക്ഷദ്വീപിൽ ജനാധിപത്യം സ്‌ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങൾ റദ്ദ് ചെയ്യുക, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നിവയാണ് ഇ-മെയിലിലൂടെ ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫിസിൽ എത്തിയ മുഹമ്മദ് റിയാസിന് സ്വീകരണം നൽകി.
ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എൽജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുൺ തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ പിസി ഷൈജു നന്ദി പറഞ്ഞു.
Malabar News: വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും