കൊല്ലം: ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണ കൊല്ലം മണ്ഡലത്തിൽ പരാജയപ്പെട്ടത് യുഡിഎഫിന് കനത്ത ആഘാതമാകുന്നു. സിറ്റിങ് എംഎൽഎ മുകേഷിന്റെ 2016ലെ ഭൂരിപക്ഷത്തിൽ കാര്യമായ ഇടിവ് വരുത്താൻ സാധിച്ചെങ്കിലും സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവിന്റെ പരാജയം പാർട്ടിക്ക് കയ്പേറിയതായി.
കൊല്ലം സീറ്റിലേക്ക് കെപിസിസി വൈസ് പ്രസിഡണ്ടും എഐസിസി സെക്രട്ടറിയുമായ പിസി വിഷ്ണുനാഥിനെ നിശ്ചയിച്ചപ്പോൾ ഡിസിസി ഓഫീസിൽ വന്ന് പൊട്ടിക്കരഞ്ഞ ബിന്ദുവിന് ഒടുവിൽ ആ സീറ്റ് തന്നെ നൽകുകയായിരുന്നു. കൊല്ലത്ത് നിന്ന് കുണ്ടറയിലേക്ക് അവസാന നിമിഷം മാറേണ്ടി വന്ന വിഷ്ണുനാഥ് മണ്ഡലത്തിൽ കനത്ത മൽസരം കാഴ്ചവെച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ അട്ടിമറിച്ചു.
കൊല്ലത്ത് പാർട്ടിക്കുള്ളിൽ ഏറെ നാളായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും ബിന്ദു കൃഷ്ണയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് സൂചന. കോർപറേഷൻ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിന്റെ ഭാഗമായ ഡിവിഷനുകളിൽ പലതിലും കോൺഗ്രസ് സ്ഥാനാർഥികൾ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നിട്ടും, സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കാൻ നടപടിയൊന്നും ഉണ്ടായില്ല.
Also Read: ‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു, പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും’; ഉമ്മൻ ചാണ്ടി






































