തിരുവനന്തപുരം: “കേരളത്തിലുടനീളം കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി ‘യുഡിഎഫ് സംവിധാനം’ പലയിടത്തും മാറിയിട്ടുമുണ്ട്. കോൺഗ്രസ് ആൾക്കൂട്ടമായതും തിരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നാണ്,”- കെഎസ്‍യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് പറയുന്നു. ഫേസ്ബുക്ക് പോസ്‌റ്റിലാണ് അദ്ദേഹം യുഡിഎഫിന്റെ പരാജയകാരണങ്ങൾ എണ്ണിപ്പറഞ്ഞത്.
മറ്റുള്ളവർ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപ് തുടങ്ങിയപ്പോൾ യുഡിഎഫ് നേതാക്കൾ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ്. തിരഞ്ഞെടുപ്പിന് മൂന്നാഴ്‌ച മുൻപ് മാത്രമാണ് യുഡിഎഫിനും കോൺഗ്രസിനും സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധിച്ചത്. മറ്റുള്ളവർ തിരഞ്ഞെടുപ്പ് കമ്മിറ്റികൾ മാസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചപ്പോൾ സ്‌ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം യുഡിഎഫ് സ്‌ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണത്തിന് വേണ്ടി ഓടേണ്ടി വന്നു. പോഷക സംഘടനകളെ വേണ്ട രീതിയിൽ സംഘടിപ്പിക്കപ്പെട്ടോ എന്നതും ചോദ്യമാണ്; അഭിജിത്ത് പറയുന്നു.
ഇത്തരത്തിൽ നിരവധി കാരണങ്ങൾ ഉണ്ടെന്നിരിക്കെ ഏതെങ്കിലും ചില വ്യക്‌തികൾക്ക് മേൽ പരാജയ ഉത്തരവാദിത്തം കെട്ടിവെക്കുന്നത് ശരിയല്ല. വിജയിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാർ പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും പ്രതീക്ഷക്കൊത്ത് നിയമസഭക്കകത്തെ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭക്ക് പുറത്ത് കേരളത്തിലുടനീളം കോൺഗ്രസ് സംഘടനാ സംവിധാനം ചലിപ്പിക്കാൻ കഴിയേണ്ടതുണ്ട്. കോൺഗ്രസിനെ സംഘടനാ സംവിധാനത്തിലൂടെ തിരികെ കൊണ്ടു വന്നേ മതിയാകൂ. എല്ലാ തലങ്ങളിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഏതെങ്കിലും വ്യക്‌തികളെ മാറ്റിയല്ല, ഒന്നാകെയുള്ള മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു; അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
Also Read: പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്സാപ്പിനോട് കേന്ദ്ര സര്‍ക്കാര്‍






































