കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 26 ആയി. അപകടത്തിൽ മരിച്ചത് 49 പേരാണെന്നാണ് ഔദ്യോഗിക സ്‌ഥിരീകരണം. 40 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്. ഇവരിൽ കൂടുതൽ പേരും മലയാളികളാണ്. ഒമ്പത് പേരുടെ നില ഗുരുതരമാണ്.
അതേസമയം, മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഒന്നിച്ച് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നോർക്ക സെക്രട്ടറി കെ വാസുകി പറഞ്ഞു. ഇതിനായി പ്രത്യേക വിമാനം കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ ഒന്നിച്ച് എത്തിക്കുമെന്നും കെ വാസുകി പറഞ്ഞു. പരിക്കേറ്റവർക്ക് അവിടെ തന്നെ ചികിൽസ നൽകും. 15ന് ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ എത്രയും വേഗം മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാനാണ് ശ്രമം.
പോസ്‌റ്റുമോർട്ടം, എംബാം നടപടികളാണ് പുരോഗമിക്കുന്നത്. കുവൈത്ത് സർക്കാർ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് സൂചന. ഇതിനായി പ്രത്യേക വിമാനങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്. അതിനിടെ, ഇന്ന് രാത്രി തന്നെ മൃതദേഹങ്ങളുമായി വിമാനം പുറപ്പെടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നോർക്ക സിഇഒ അജിത് കൊളശ്ശേരി അറിയിച്ചു. അപകട വിവരം അറിഞ്ഞ് ഒരുമണിക്കൂറിനകം ഹെൽപ്പ് ഡെസ്‌ക് സജ്‌ജമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്‌ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ തീ പൂർണമായും അണച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം ഉണ്ടായത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തെക്കൻ കുവൈത്തിലെ അഹ്‌മദി ഗവർണറേറ്റിലെ മംഗഫിലെ പാർപ്പിട സമുച്ചയത്തിൽ തീപടരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!