കല്‍പ്പറ്റ: വയനാട്ടിൽ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് കേസെടുത്തു. വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമല ആദിവാസി കോളനിയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നാലംഗ സായുധ സംഘം എത്തിയത്.
രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് നാട്ടുകാർ പോലീസിനോട് പറഞ്ഞത്. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷമായ പ്രതികരണമാണ് പോസ്റ്ററുകളില്‍ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം മരണത്തിന്റെ വ്യാപാരിയാണെന്നും നോട്ടീസില്‍ പറയുന്നു. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍.
വയനാട്ടിൽ ആദ്യമായാണ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പോലീസ്, ആളുകളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് കേസെടുത്ത് തിരച്ചില്‍ ആരംഭിച്ചത്.
Malabar News: കരുവൻതിരുത്തിയിൽ പുതിയ അർബൻ പ്രാഥമിക ആരോഗ്യകേന്ദ്രം വരുന്നു








































