ന്യൂഡെൽഹി: സിൽവർ ലൈനെതിരെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കേരളത്തിൽ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പാർലമെന്റ് വളപ്പിൽ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാർ.
സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് വൻ പ്രതിഷേധത്തിന് ഇടയാക്കി. പുരുഷ പോലീസുകാർ തന്നെ കയ്യേറ്റം ചെയ്തുവെന്ന് രമ്യ ഹരിദാസ് എംപി ആരോപിച്ചു. സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാർക്ക് നേരെയാണ് ഡെൽഹി പൊലീസിന്റെ അതിക്രമം നടന്നത്.
സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ നോട്ടീസിലെ പ്രധാന വാദം. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് എതിർക്കുകയാണെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പോലീസ് നേരിടുന്നതെന്നും ഹൈബി കൂട്ടിച്ചേർത്തിരുന്നു. കേരളം മുഴുവൻ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, യുഡിഎഫ് എംപിമാരോട് ചേംബറിൽ വന്ന് കാണാൻ സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ഇതിനിടെ ഡെൽഹിയിൽ എത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.
Most Read: ഒടുവിൽ ആശ്വാസ തീരത്ത്; സെയ്ഷെൽസിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികൾ നാട്ടിലെത്തി








































