തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ മാറ്റിയെന്ന് സമ്മതിച്ചിട്ടും അച്ഛൻ ജയചന്ദ്രനെതിരെ നടപടിയെടുക്കാത്തതിൽ സിപിഎമ്മിൽ അമർഷം. സിപിഎം സംസ്ഥാന നേതൃത്വം തന്നെ നിലപാട് വ്യക്തമാക്കിയിട്ടും കേസിൽ പ്രതികളായ പാർട്ടി അംഗങ്ങൾക്കെതിരെ പ്രാദേശിക നേതൃത്വം നടപടിയെടുക്കാത്തതിൽ സമ്മേളനങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. വിമർശനം കടുത്തതോടെ ജയചന്ദ്രനും ഭാര്യ സ്മിത ജെയിംസിനുമെതിരെ നടപടിയെടുക്കാൻ സിപിഎം നീക്കം തുടങ്ങി.
തന്റെ അറിവില്ലാതെ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തുനൽകിയെന്ന അനുപമയുടെ പരാതിയിൽ പോലീസ് എടുത്ത കേസിലെ ആറ് പ്രതികളിൽ അഞ്ചുപേരും സിപിഎം അംഗങ്ങളാണ്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗവും അമ്മ സ്മിത ജെയിംസ് പേരൂർക്കട എ ബ്രാഞ്ച് അംഗവുമാണ്. മറ്റ് പ്രതികളായ അനുപമയുടെ ബന്ധുവും കോർപറേഷൻ മുൻ കൗൺസിലറുമായ അനിൽകുമാർ പേരൂർക്കട ലോക്കൽ കമ്മറ്റിയംഗവും ജയചന്ദ്രനെ സഹായിച്ച രമേശൻ അമ്പലമുക്ക് ബ്രാഞ്ച് അംഗവും കൂടിയാണ്.
ആരോടും ഇതുവരെ പാർട്ടി വിശദീകരണം പോലും തേടിയിട്ടില്ല. വിവാദം മുറുകവേ വെള്ളിയാഴ്ച നടന്ന പേരൂർക്കട ലോക്കൽ സമ്മേളനത്തിൽ ജയചന്ദ്രനേയും അനിൽകുമാറിനെയും വീണ്ടും ലോക്കൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ചേർന്ന സിപിഎം കരകുളം ലോക്കൽ സമ്മേളനത്തിൽ വിഷയവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. പേരൂർക്കട ഏരിയ സെക്രട്ടറി രാജലാലിനെയും സമ്മേളനത്തിൽ സംസാരിച്ച അംഗങ്ങൾ കടന്നാക്രമിച്ചു.
പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പ്രാദേശിക നേതൃത്വം ദയനീയമായി പരാജയപ്പെട്ടെന്നാണ് പൊതുഅഭിപ്രായം. പാർട്ടി സംസ്ഥാന നേതൃത്വത്തിനും സർക്കാരിനും പ്രശ്നത്തിൽ അനുപമയ്ക്കൊപ്പമാണെന്ന് പരസ്യ നിലപാടെടുക്കേണ്ടി വന്നതോടെ ജില്ലാ നേതൃത്വവും പ്രതിസന്ധിയിലാണ്. തുടർന്ന്, പ്രശ്നപരിഹാരത്തിനുള്ള ശ്രമത്തിലാണ് ജില്ലാ നേതൃത്വം. ഏരിയ, ലോക്കൽ കമ്മിറ്റികൾ ചേർന്ന് പ്രശ്നം ചർച്ച ചെയ്യും. ജയചന്ദ്രൻ ചെയ്ത കാര്യം പരസ്യമായി പറഞ്ഞ സാഹചര്യത്തിൽ വിശദീകരണം പോലും തേടാതെ നടപടിയെടുക്കാൻ സാധിക്കും. മറ്റുള്ളവരോട് അഭിപ്രായം തേടിയ ശേഷമാകും തുടർ നടപടി സ്വീകരിക്കുക.
Also Read: കോവിഡ് മരണം; സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി









































