ഗുവാഹത്തി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ മഹാപ്രളയത്തിലേക്ക് നീങ്ങുന്നതായി സൂചന. മെയ് 14 മുതൽ തുടങ്ങിയ മഴയാണ് സംസ്ഥാനങ്ങളിൽ ഇപ്പോഴും തുടരുന്നത്. അസം, മേഘാലയ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 25 ആയി.
അസമിലെ 29 ജില്ലകളിലായി ഏഴ് ലക്ഷത്തോളം പേർ നിലവിൽ പ്രളയബാധിതരാണ്. മഴയിൽ വീട് നഷ്ടപ്പെട്ട 74,705 പേരെ 234 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ മേഘാലയിലെ ഗാരോ ഹിൽസിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളും രണ്ടര വയസുള്ള ഒരു കുട്ടിയും മണ്ണിനടിയിലായി.
വെസ്റ്റ് ഗാരോ ഹിൽസിലെ ഗാംബെഗ്രെ ബ്ളോക്ക് ഏരിയയിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് 5 അംഗ കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. കുടുംബത്തിലെ ഗൃഹനാഥനും ഒരു മകനും മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ഗാരോ ഹിൽസിലെ ബെറ്റാസിങ് മേഖലയിൽ ഉണ്ടായ മറ്റൊരു മണ്ണിടിച്ചിലിൽ രണ്ടര വയസുള്ള ഒരു ആൺകുട്ടിയാണ് മരിച്ചത്.
ഗാരോ ഹിൽസിൽ കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയെ തുടർന്നാണ് സംഭവം. അരുണാചൽ പ്രദേശത്തും കനത്ത മഴ തുടരുകയാണ്. ജൂൺ 12 വരെ അസമിൽ കനത്ത മഴക്ക് സാധ്യത ഉള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Most Read: കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ; അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി








































