കോഴിക്കോട്: സസ്‌പെൻഷനിലായ ബിജെപി വക്‌താവ് നൂപുർ ശർമയുടെ നബി വിരുദ്ധ പ്രസ്‌താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്‌ത. ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു.
നൂപുർ ശർമയുടെ പ്രസ്‌താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്. മുഹമ്മദ് നബിയെ നിന്ദിച്ചവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് നിരന്തരം പ്രവാചക നിന്ദയും മത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ട്.
ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ പ്രസ്‌താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ബിജെപി സർക്കാരിന്റെ നയങ്ങളുടെയും പ്രസ്‌താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാൻ. പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീര്‍ക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണം.
പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇപ്രകാരമുള്ള മാതൃകാപരമായ നടപടികളാണ് നമ്മുടെ രാജ്യം സ്വീകരിക്കേണ്ടത്. എന്നാൽ മാത്രമേ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായ അപാനം മാറുകയുള്ളൂവെന്നും സമസ്‌ത പറഞ്ഞു.
വിവാദപരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിട്ടും പ്രതിഷേധങ്ങള്‍ കെട്ടടങ്ങാത്തത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും വിഷയം ചര്‍ച്ചയായത് കേന്ദ്രസര്‍ക്കാരിന് തലവേദനയാണ്.
Most Read: വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻകൂർ ജാമ്യം








































