ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇത്തവണ രാജ്യ തലസ്ഥാനത്താണ് രോഗബാധ കണ്ടെത്തിയത്. ടാർസാനിയയിൽ നിന്നും ഡെൽഹിയിൽ എത്തിയ ആൾക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
ഇതോടെ രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 5 ആയി ഉയർന്നു. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നേരത്തെ ഒമൈക്രോൺ കണ്ടെത്തിയത്. ഇതോടെ അതീവ ജാഗ്രതയിലാണ് നിലവിൽ രാജ്യം. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ഡെൽഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിൻ വ്യക്തമാക്കി.
ഇന്നലെ വൈകീട്ടോടെയാണ് രാജ്യത്തെ നാലാമത്തെ ഒമൈക്രോൺ കേസ് മുംബൈയിൽ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തി കോവിഡ് പോസിറ്റീവായവരുടെയും, സമ്പർക്ക പട്ടികയിൽ ഉള്ളവരുടെയും ജനിതക ശ്രേണീകരണ ഫലം ഉടൻ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read also: ഓഫിസുകൾ കയറിയിറങ്ങേണ്ട; ഫയൽനീക്കം ഇനി വിരൽ തുമ്പിലറിയാം





































