കെ-റെയിലിന് എതിരായ കവിത; റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ

By Staff Reporter, Malabar News
rafeeq-ahmed-k-rail-poem
Ajwa Travels

തിരുവനന്തപുരം: കെ-റെയിലിനെ വിമര്‍ശിച്ച് എഴുതിയ കവിതയില്‍ പ്രശസ്‌ത കവി റഫീഖ്‌ അഹമ്മദിനെ പിന്തുണച്ച് ഫെഫ്‌ക റൈറ്റേഴ്‌സ് യൂണിയൻ. കവിത എഴുതിയതിന്റ പേരിൽ സൈബർ ആക്രമണം നേരിടുന്ന റഫീഖ്‌ അഹമ്മദിന് പിന്തുണ നൽകുന്നതായി യൂണിയൻ വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.

റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിയോജിപ്പുമായി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ-റെയിലിനെ ന്യായീകരിച്ചുള്ള സിപിഎം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ-റെയിലിനെ കുറിച്ചുള്ള ആശങ്ക വ്യക്‌തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇതിന് പിന്നാലെ സിപിഎം അനുയായികളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനവും സൈബര്‍ ആക്രമണവുമാണ് കവി നേരിടുന്നത്. ഇതിനെതിരെയാണ് എഴുത്തുകാരി സാറ ജോസഫ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ‘തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല’ എന്ന് വിമർശനങ്ങൾക്ക് മറുപടിയായി റഫീഖ് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്‌തമാക്കി. സൈബര്‍ ആക്രമണം നടത്തുന്നവരോട് ഉള്ളത് കരുണ മാത്രമാണെന്നും റഫീഖ് അഹമ്മദ് വിശദമാക്കുന്നു.

സൈബർ ആക്രമണങ്ങൾക്ക് വിധേയമായ റഫീഖ് അഹമ്മദിന്റെ കവിത:

ഹേ…കേ…
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ് തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല –
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്‌ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്‌ക്കും വനവാസി
യൂരുകൾ തൻ ശപ്‌ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?

Read Also: അട്ടപ്പാടി മധു കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE