തിരുവനന്തപുരം: ഡെൽഹിയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമർത്താമെന്ന് മോദി കരുതേണ്ട. ഇതേ സമീപനമാണ് പിണറായി സർക്കാർ കേരളത്തിൽ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവിച്ചു.
പോലീസിനെയും അണികളെയും ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബിജെപി ശ്രമം. ഇതിന്റെ തുടർക്കഥയാണ് ഇന്നുണ്ടായത്. സമാന സമീപനമാണ് കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ കെ-റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന് എംപിയുടെ മുഖത്ത് സുരക്ഷാ ഉദ്യോഗസ്ഥർ അടിച്ചിരുന്നു.
കൂടാതെ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും രമ്യാ ഹരിദാസ് എംപിയെയും ഡെൽഹി പോലീസ് കൈയ്യേറ്റം ചെയ്തു. മുഖ്യമന്ത്രി ഡെല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.
Read Also: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് വീണ്ടും ജേക്കബ് തോമസ്








































