ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ത്രികോണ മൽസരം നടക്കുന്ന ത്രിപുരയിൽ 3337 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 28 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. 60 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ ആക്രമ സംഭവങ്ങൾ റിപ്പോർട് ചെയ്ത പശ്ചാത്തലത്തിൽ, സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് ബൂത്തുകളിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 3337 ബൂത്തുകളിലായി 400 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ്, 6000 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. 1128 പോളിംഗ് ബൂത്തുകൾ പ്രശ്നബാധിത മേഖലയിലാണ്. 28 ബൂത്തുകൾ അതീവ പ്രശ്നബാധിതമെന്നാണ് റിപ്പോർട്. അതിനിടെ, സുരക്ഷയുടെ ഭാഗമായി അയൽ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറാമിലേക്കുമുള്ള അതിർത്തികൾ കഴിഞ്ഞ ദിവസം അടച്ചിട്ടുണ്ട്.
ബിജെപി, സിപിഎം-കോൺഗ്രസ് സഖ്യം, തിപ്ര മോത എന്നീ പാർട്ടികൾ തമ്മിലാണ് സംസ്ഥാനത്ത് ത്രികോണ മൽസരം നടക്കുന്നത്. അധികാരം നിലനിർത്താനാകുമെന്ന ആൽമവിശ്വാസത്തിലാണ് ബിജെപി. എന്നാൽ, കോൺഗ്രസിനെ ഒപ്പം കൂട്ടി ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. അതേസമയം, കന്നിയങ്കവുമായി പ്രദ്യോത് മാണിക്യ ദേബ് ബർമന്റെ തിപ്ര മോതയും മൽസര രംഗത്തുണ്ട്.
ഇടതു പാർട്ടി 47 മണ്ഡലങ്ങളിലും, കോൺഗ്രസ് 13 മണ്ഡലങ്ങളിലും മൽസരിക്കുമ്പോൾ ബിജെപി 55 സീറ്റുകളിൽ മൽസര രംഗത്തുണ്ട്. സഖ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിനും സിപിഐഎമ്മിനും അഗ്നിപരീക്ഷണമാണ് ഈ തിരഞ്ഞെടുപ്പ്. ഗോത്ര പാർട്ടിയായ തിപ്ര മോത 42 സീറ്റുകളിലാണ് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ത്രിപുരയുടെ വോട്ടെണ്ണൽ, നാഗാലൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിന് നടക്കും.
Most Read: ബിബിസി ഓഫിസുകളിലെ റെയ്ഡ് 30 മണിക്കൂർ പിന്നിട്ടു; പരിശോധന തുടരുന്നു








































