ചെന്നൈ: തെന്നിന്ത്യൻ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ എന്ന ശസ്ത്രക്രിയയാണ് നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം താരം ആശുപത്രി വിടുമെന്നാണ് റിപ്പോർട്.
തലകറക്കത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ടാണ് ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്. ഡോക്ടർമാരുടെ വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോട്ടിഡ് എൻഡാർട്ടറെക്ടമി. കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയിൽ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ് രീതി. വെള്ളിയാഴ്ച രാവിലെ മുതൽ കാവേരി ആശുപത്രിക്ക് പുറത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 50ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെ താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വിശ്വസിക്കരുതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ടീമും അറിയിച്ചു. 70കാരനായ താരത്തിന്റെ പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു.
Also Read: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്ക്ക് കൈമാറി








































