കാബൂൾ: അഫ്ഗാനിലെ സർവകലാശാലകളിൽ സ്ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്തമാക്കി താലിബാൻ. എന്നാൽ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി അബ്ദുൾ ബാഖി ഹക്കാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ശരിയ നിയമപ്രകാരം ജനതക്ക് ഉന്നത വിദ്യാഭ്യാസം നൽകുമെന്നും, എന്നാൽ സ്ത്രീ-പുരുഷ വിദ്യാർഥികൾ ഒരേ ക്ളാസിൽ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസം വിലക്കുമെന്നും ഹക്കാനി അറിയിച്ചു. പ്രൈമറി തലം മുതൽ സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചിരുത്തിയാകും വിദ്യാഭ്യാസം നൽകുക. മറ്റ് രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ, ഇസ്ലാമികതയിൽ ഊന്നിയ കരിക്കുലം രാജ്യത്ത് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഞായറാഴ്ച കാബൂളിൽ ചേർന്ന യോഗത്തിൽ സ്ത്രീകൾ പങ്കെടുത്തിരുന്നില്ല. കൂടാതെ സർവകലാശാലകളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് പുരുഷ വിദ്യാർഥികളെയും, അധ്യാപകരെയും മാത്രമേ ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളൂ എന്നും, താലിബാന്റെ പ്രവൃത്തിയും വാഗ്ദാനങ്ങളും തമ്മിലുള്ള അന്തരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അഫ്ഗാനിലെ അധ്യാപിക ആരോപണം ഉന്നയിച്ചു.
Read also: കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടും; ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം








































