ബെംഗളൂരു: കോവിഡ് സ്‌ഥിരീകരിച്ച് കര്‍ണാടകയില്‍ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരൻമാരിൽ ഒരാളുടെ വൈറസ് വകഭേദം തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ്. ഇത് ഒമൈക്രോൺ ആണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്‌ഥിരീകരണം നടത്താന്‍ ഇപ്പോള്‍ കഴിയില്ല. വൈറസിനെ തിരിച്ചറിയുന്നതിനായി ഐസിഎംആറിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും സഹായം തേടിയെന്നും കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി കെ സുധാകര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഇതുവരെ തിരിച്ചറിയാത്ത വകഭേദമാണിതെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരൻമാർക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്നായിരുന്നു റിപ്പോർട്.
അതേസമയം, കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഒമൈക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.
ഒമൈക്രോൺ ലോക രാജ്യങ്ങൾക്കിടയിൽ എത്രത്തോളം ഗുരുതരമാകുമെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരാഴ്‌ച മുൻപാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.1 529നെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്.
തുടർന്ന് ഇതിന് ഒമൈക്രോൺ എന്ന് പേര് നൽകുകയും ചെയ്‌തു. പുതിയ വകഭേദം സംബന്ധിച്ച പഠനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. പഠനത്തിലൂടെ മാത്രമേ പുതിയ വകഭേദത്തിന്റെ തീവ്രത, വ്യാപനശേഷി എന്നിവ പൂർണമായും കണ്ടെത്താൻ സാധിക്കുകയുള്ളൂ.
Most Read: ത്രിപുരയിലെ ആക്രമണം; കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ്







































