കോഴിക്കോട്: കൂമ്പാറ ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർഥികളായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്. ഇരുവരും മലപ്പുറം വേങ്ങര സ്വദേശികളാണ്.
ഇവർക്കൊപ്പം ബൈക്കിലുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ ചികിൽസയിലാണ്. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. ആനകല്ലുംപാറ വളവിലെ ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ടു അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
റോഡിൽ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ചു നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലെത്തിച്ചത്. ഇവർ ആനകല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങി വരുമ്പോഴാണ് റോഡിൽ നിന്ന് തെന്നിയ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയക്കും.
Most Read| ജനപ്രതിനിധികള്‍ ഉൾപ്പെട്ട കേസുകൾ; വിചാരണ വേഗത്തിലാക്കാൻ ഹൈക്കോടതികൾക്ക് നിർദ്ദേശം








































