ലഖ്‌നൗ: കർഷകർ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായ തെരുവ് കന്നുകാലി ശല്യത്തിന് പരിഹാരം കാണാത്ത യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി യുപിയിലെ കർഷകർ. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിയുടെ വേദിക്ക് സമീപമുള്ള ഗ്രൗണ്ടിലേക്ക് തെരുവ് കന്നുകാലികളെ കൂട്ടത്തോടെ ഓടിച്ചുവിട്ടാണ് കർഷകർ രോഷം പ്രകടിപ്പിച്ചത്. സംസ്‌ഥാന തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബാരാബങ്കിയിലെ കർഷകരാണ് വേറിട്ട പ്രതിഷേധം നടത്തിയത്.
കർഷക നേതാവ് രമൺദീപ് സിംഗ് മൻ ട്വീറ്റ് ചെയ്‌ത വീഡിയോയിൽ, നൂറുകണക്കിന് കന്നുകാലികൾ ഗ്രൗണ്ടിൽ മേഞ്ഞുനടക്കുന്നത് കാണാം. “യോഗി ആദിത്യനാഥിന്റെ ബാരാബങ്കിയിലെ പരിപാടിക്ക് സമീപം കർഷകർ നൂറുകണക്കിന് കന്നുകാലികളെ വയലിൽ നിന്ന് ഓടിച്ച് റാലി സ്‌ഥലത്തിന് സമീപം ഉപേക്ഷിച്ചു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ കൈകാര്യം ചെയ്യാൻ കർഷകർക്ക് ഒരു വഴിയും കണ്ടെത്താൻ കഴിഞ്ഞില്ല. അഞ്ച് വർഷമായി യുപി സർക്കാരിനും ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. പരിപാടി തുടങ്ങും മുമ്പ് ഇവയെ ഒഴിവാക്കാൻ ബിജെപി എന്ത് പരിഹാരമാണ് കൊണ്ടുവരുന്നതെന്ന് കർഷകർക്ക് കാണണം,”- രമൺദീപ് സിംഗ് മൻ ട്വീറ്റ് ചെയ്‌തു.
बाराबंकी में C.M योगी के कार्यक्रम से पहले किसानों ने खेतों से खदेड़कर सैकड़ों सांड रैली स्थल में छोड़ दिये, किसानों से तो इन छुट्टा जानवरों का इलाज निकला नहीं, और 5 साल U.P सरकार ने भी कोई इलाज नहीं निकाला, अब देखना ये था की कार्यक्रम से पहले #BJP वाले क्या इलाज निकालते ! pic.twitter.com/EWth20fSbi
— Ramandeep Singh Mann (@ramanmann1974) February 22, 2022
മുഖ്യമന്ത്രിയിൽ നിന്നോ ബരാബങ്കി ഭരണകൂടത്തിൽ നിന്നോ ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും, യുപിയിൽ ബിജെപി അധികാരം നിലനിർത്തിയാൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഉറപ്പിന്റെ വീഡിയോ ക്ളിപ്പ് യോഗി ആദിത്യനാഥ് ഇന്ന് വൈകിട്ട് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
“അലഞ്ഞുതിരിയുന്ന മൃഗങ്ങൾ മൂലം നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മാർച്ച് 10ന് ശേഷം ഒരു പുതിയ സംവിധാനം ഉണ്ടാക്കും. പാൽ നൽകാത്ത മൃഗത്തിന്റെ ചാണകത്തിൽ നിന്ന് നിങ്ങൾക്ക് വരുമാനം നേടുന്നതിന് ഒരു സംവിധാനം ഉണ്ടാക്കും,”- ഞായറാഴ്‌ച നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
Most Read: അടുത്ത വർഷത്തോടെ 800 മില്യൺ ഡോളറിന്റെ ഓഹരി വിൽപന ലക്ഷ്യമിട്ട് സ്വിഗ്ഗി
മുഖ്യമന്ത്രിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രതിപക്ഷമായ കോൺഗ്രസ് മറുപടി ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി സർക്കാർ വിഷയം അവഗണിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. യോഗി ആദിത്യനാഥും പ്രധാനമന്ത്രി മോദിയും തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് തെരുവ് കന്നുകാലി ശല്യത്തെ കുറിച്ച് ഓർക്കാൻ സമയം കണ്ടെത്തിയത് എന്ന് കോൺഗ്രസ് വിമർശിച്ചു.
“യുപിയിലെ കാളകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പുതിയ ബിജെപി അംഗങ്ങളുടെ എണ്ണത്തേക്കാൾ അഞ്ചിരട്ടി വർധിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് വന്നാലുടൻ അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യത്തിന് പരിഹാരം കാണുമെന്നാണ് ഇവർ പറയുന്നത്. ഇത് കേട്ട് ബിജെപി പ്രവർത്തകർ തന്നെ ഞെട്ടിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപി സർക്കാരും കാളകളും ഇല്ലാതാകും,”- കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.
Most Read: യുക്രൈൻ പ്രതിസന്ധി; 5 റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുകെ