ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി വില്‍പന അടുത്തവര്‍ഷം ആദ്യത്തോടെ ആരംഭിക്കും. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് പിന്തുണയ്‌ക്കുന്ന കമ്പനി ഐപിഒയിലൂടെ 800 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചതായാണ് സൂചന.
ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് നിന്ന് ലോജിസ്‌റ്റിക്‌സ് കമ്പനിയായി മാറാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിന് മുന്നോടിയായി കമ്പനി ബോര്‍ഡിലേക്ക് സ്വതന്ത്ര ഡയറക്‌ടര്‍മാരെ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ രാജ്യത്തെ പ്രധാന എതിരാളിയായ സൊമാറ്റോയേക്കാൾ മൂല്യമുള്ള കമ്പനിയാണ് സ്വിഗ്ഗി. അടുത്തിടെ നടന്ന ധന സമാഹരണത്തിലൂടെ മൊത്തം മൂല്യം ഏകദേശം 10 ബില്യൺ ഡോളറായി വർധിപ്പിച്ചതാണ് സൊമാറ്റോയെ മറികടക്കാൻ സഹായകരമായത്. ഇതിന്റെ തുടർച്ചയായാണ് ഐപിഒയിലൂടെ ധനശേഖരണം നടത്തുന്നത്.
Read Also: നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ