ലാഹോർ: ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിന് മുൻപ് ഒരു റഷ്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട് ചെയ്‌തത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യ ഒരു ശത്രുരാജ്യമായി മാറി. ഇതോടെ അവരുമായുള്ള വ്യാപാരത്തില്‍ കുറവുണ്ടായി. എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധം പുലര്‍ത്തുക എന്നതാണ് പാക് സര്‍ക്കാറിന്റെ നയം; ഇമ്രാന്‍ ഖാന്‍ നയം വ്യക്‌തമാക്കി.
അമേരിക്ക ഇറാന് ഉപരോധമേര്‍പ്പെടുത്തിയതും അഫ്‌ഗാനിലെ അസ്‌ഥിരതയും പാകിസ്‌ഥാന്റെ വ്യാപാര സാധ്യതകള്‍ക്ക് തിരിച്ചടിയാണെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. നേരത്തെ പാകിസ്‌ഥാന്‍ ഉന്നത വാണിജ്യ ഉദ്യോഗസ്‌ഥനായ റസാഖ് ദാവൂദും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ താന്‍ പിന്തുണക്കുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, റഷ്യ സന്ദര്‍ശിക്കുന്ന പാക് പ്രധാനമന്ത്രി പ്രസിഡണ്ട് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്‌ച നടത്തും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു പാകിസ്‌ഥാന്‍ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യയുമായി സാമ്പത്തിക സഹകരണം ലക്ഷ്യമിട്ടാണ് ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനം. യുക്രൈന്‍ പ്രശ്‌നം സന്ദര്‍ശനത്തെ ബാധിക്കില്ലെന്നും റഷ്യയുമായി നേരത്തെയുള്ള ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.
Read Also: ദിലീപും കൂട്ടുപ്രതികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; പ്രോസിക്യൂഷൻ കോടതിയിൽ