കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപും കൂട്ടുപ്രതികളും തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ. ഏറെ നിര്‍ണായകമായ ദീലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്.
കൂട്ടുപ്രതികളുടെ ഫോണിലെ വിവരങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ജനുവരി 30നാണ് ഫോണിലെ വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്‌തമാക്കുന്നു. നേരത്തെ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം കൈമാറിയ ആറു ഫോണുകളിലെ വിവരങ്ങളാണ് പൂര്‍ണമായും നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ പറയുന്നത്.
ശാസ്‌ത്രീയ പരിശോധനയില്‍ ഇത് ബോധ്യപ്പെട്ടുവെന്നും ഹൈക്കോടതിയെ അറിയിച്ചു. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചതിന് പിന്നാലെയാണ് തെളിവുകള്‍ നശിപ്പിച്ചത്. തുടരന്വേഷണം റദാക്കണമെന്ന ഹരജിയുടെ വാദത്തിനിടയിലാണ് നിര്‍ണായകമായ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം തടയണമെന്ന പ്രതി ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി ഹരജി പരിഗണിക്കവെ വ്യക്‌തമാക്കി. മാർച്ച് ഒന്നിന് തുടരന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു.
എന്നാൽ, തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. ക്രൈം ബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതോടെ അന്വേഷണം നീട്ടി കൊണ്ട് പോകാന്‍ സാധിക്കില്ലെന്ന് വ്യക്‌തമാക്കിയ കോടതി, ഇനി എത്ര സമയം കൂടി വേണമെന്ന് ചോദിച്ചു. ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അന്വേഷണത്തിന് കോടതിക്ക് സമയപരിധി തീരുമാനിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പിന്നാലെയാണ് തുടരന്വേഷണത്തിന് കോടതി സമയപരിധി നിശ്‌ചയിച്ചത്.
Most Read: റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം പരിഗണിക്കും; യുക്രൈൻ പ്രസിഡണ്ട്