കീവ്: റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് സെലെൻസ്‌കിയുടെ പ്രതികരണം.
“യുക്രൈനും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ചുള്ള കാര്യം പരിശോധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് എനിക്ക് അഭ്യർഥന ലഭിച്ചു. ഞാൻ ഇപ്പോൾ അക്കാര്യം പരിശോധിക്കുകയാണ്,”- യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി പറഞ്ഞു.
ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.
രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കും 2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേങ്ങളാണ്. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനം എടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്യക്‌തമാക്കി.
അതേസമയം റഷ്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നു. റഷ്യയുടെ ഇപ്പോഴത്തെ നീക്കം തങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു. സ്വതന്ത്രരായി പ്രഖ്യാപിക്കപ്പെട്ട രണ്ട് പ്രദേശങ്ങളുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിലക്കുമെന്നും അമേരിക്ക വ്യക്‌തമാക്കി. സ്വതന്ത്രമാക്കപ്പെട്ട പ്രദേശങ്ങളിലെ പുതിയ നിക്ഷേപം, വ്യാപാരം, ധനകാര്യം എന്നിവയെ അമേരിക്ക നിരോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് പുടിന്‍ നടത്തിയിരിക്കുന്നത് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം.
Most Read: പ്രിയപ്പെട്ട അധ്യാപികക്ക് വിദ്യാർഥികളുടെ യാത്രയയപ്പ്; ഹൃദയം കീഴടക്കി വീഡിയോ