കണ്ണൂർ: സംസ്‌ഥാനത്ത് വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. കണ്ണൂർ ചെങ്ങളായിലെ വളക്കൈയിൽ 19-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പെൺകുട്ടി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്‌ധ സംഘമെത്തി. ആരോഗ്യ ദ്രുതകർമസേന യോഗം ചേർന്നു. വെസ്‌റ്റ് നൈൽ പനി റിപ്പോർട് ചെയ്‌ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തി. ചത്ത നിലയിൽ കണ്ട പക്ഷിയുടെ ജഡം പരിശോധനക്കെടുത്തിട്ടുണ്ട്.
പ്രദേശത്ത് പക്ഷികൾ അസ്വാഭാവികമായി ചത്തുവീഴുന്ന സാഹചര്യമുണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ടവരെ വിവരമറിയിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2011ൽ ആലപ്പുഴയിലാണ് സംസ്‌ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്. ഈ വർഷം സംസ്‌ഥാനത്ത് 28 കേസുകൾ സ്‌ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മരിച്ചു.
പനി, തലവേദന, തൊണ്ടവേദന, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ക്യൂലക്‌സ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് വെസ്‌റ്റ് നൈല്‍ ഫീവര്‍. ഇതുവരെ ഈ രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല.
രോഗം മാരകമായാല്‍ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകാരിയാക്കുന്നത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!