സിക വൈറസ് സംസ്ഥാനത്ത് വീണ്ടും വെല്ലുവിളി ഉയർത്തുന്നു. തലശേരി കോടതിയിലെ ജഡ്ജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് സിക വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങി അപകടകരമായ പനിക്കണക്കിലേക്ക് കേരളത്തെ തള്ളിവിട്ടത് ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ്. ഇതേ കൊതുകുകൾ തന്നെയാണ് സിക വൈറസ് വ്യാപനത്തിന് പിന്നിലുള്ളതെന്നത് കൂടുതൽ ആശങ്കയുയർത്തുന്നു.
എന്താണ് സിക വൈറസ്?
ഫ്ളാവിവൈറിഡെ കുടുംബത്തിൽ അംഗമായ സിക വൈറസ് മൂലം മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന ഒരു രോഗമാണ് സിക വൈറസ് രോഗം അഥവാ സിക പനി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നീ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക രോഗവും പകർത്തുന്നത്.
1947ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 1952ൽ ഉഗാണ്ടയിലെ ടാൻസാനിയയിൽ ഇത് മനുഷ്യരിലും റിപ്പോർട് ചെയ്തു. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീൽ തുടങ്ങിയ ഇടങ്ങളിൽ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
പൊതുവെ അമിതമായ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സിക ഗർഭസ്ഥ ശിശുക്കളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. തല ചെറുതായ അവസ്ഥയിലാണ് ഈ കുഞ്ഞുങ്ങൾ മിക്കവാറും ജനിക്കുക. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ തകരാറുകളും സിക മൂലം ഉണ്ടാവാറുണ്ട്.
സിക വൈറസിന്റെ ലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്. മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട്.
ആശുപത്രിയിൽ കിടത്തിയുള്ള ചികിൽസ വേണ്ടി വരാറില്ല. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങൾ എന്നിവ കൊണ്ടു തന്നെ രോഗശമനം ഉണ്ടാകുന്നു. രോഗബാധ തടയുവാനുള്ള ഫലപ്രദമായ മാർഗം കൊതുക് നിർമാർജനമാണ്. രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധമരുന്ന് ഇതുവരെയും കണ്ടത്തിയിട്ടില്ല.
ഈഡിസ് സുന്ദരികളെ കരുതിയിരിക്കുക
പുറത്തു വെള്ളയും കറുപ്പുമായി രണ്ടു വരയുള്ള സുന്ദരൻമാരും സുന്ദരികളുമാണ് ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകുകൾ. പെൺ വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് സിക രോഗവാഹകർ. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്താൻ കാരണക്കാരാവുന്നത്. ശ്രദ്ധിക്കുക, ഇതേ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് സിക വൈറസ് വ്യാപിപ്പിക്കുന്നതും.
മറ്റു കൊതുകുകൾ രാത്രിയിൽ മനുഷ്യരെ കടിക്കുമ്പോൾ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ കടിക്കുക. അതുകൊണ്ട് രാത്രിയിൽ കൊതുകിനെ തുരത്താനായി ഒരുക്കിവെക്കുന്നതൊന്നും ഈഡീസിനെ ബാധിക്കില്ലെന്നർഥം. രാവിലെയും സന്ധ്യക്കുമാണ് ഇത് ഏറ്റവും അധികം കടിക്കുന്നത്. ഈഡിസ് കൊതുകുകൾ വൃത്തിക്കാരാണ്. ശുദ്ധമായ വെള്ളത്തിൽ മാത്രമേ അവ മുട്ടയിടൂ. മുട്ട കൊതുകുകളെ അപേക്ഷിച്ചു കുറഞ്ഞ സമയം മതി ഈഡിസ് വിഭാഗത്തിന്.
Most Read| യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു








































