തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ തള്ളി. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതി മൂന്നുവർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു അപ്പീൽ നൽകിയത്.
തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, പ്രോസിക്യൂട്ടർ ഇതിനെ എതിർത്തു.
ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. പിന്നാലെ അദ്ദേഹം എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. രണ്ടുവർഷത്തിന് മുകളിൽ വിചാരണ കോടതി ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിന് എംഎൽഎ പദവി നഷ്‌ടമായത്.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ






































