5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം

'ഗ്രാൻ അബ്യൂലോ' അഥവാ 'മുതുമുത്തച്ഛൻ' എന്ന് വിളിപ്പേരുള്ള 'അലെർസ മിലെനാരിയോ' എന്നാണ് ഈ മരത്തിന്റെ പേര്. തെക്കൻ ചിലിയിലെ അലെർസ കോസ്‌റ്റെറോ ദേശീയോദ്യാനത്തിലെ വാൽഡിവിയൻ മഴക്കാടുകളിലാണ് ഈ ഭീമാകാരനായ വൃക്ഷം വളരുന്നത്.

By Senior Reporter, Malabar News
gran abuelo (great grandfather)
ഗ്രാൻ ആബ്യൂലോ (Image Courtesy: BBC)
Ajwa Travels

ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ വൃക്ഷത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ‘ഗ്രാൻ അബ്യൂലോ’ അഥവാ ‘മുതുമുത്തച്ഛൻ’ എന്ന് വിളിപ്പേരുള്ള ‘അലെർസ മിലെനാരിയോ’ എന്നാണ് ഈ മരത്തിന്റെ പേര്. തെക്കൻ ചിലിയിലെ അലെർസ കോസ്‌റ്റെറോ ദേശീയോദ്യാനത്തിലെ വാൽഡിവിയൻ മഴക്കാടുകളിലാണ് ഈ ഭീമാകാരനായ വൃക്ഷം വളരുന്നത്.

ഭൂമിയിലെ ഏറ്റവും അസാധാരണ ജീവരൂപങ്ങളിൽ ഒന്നാണ് ഈ വൃക്ഷം. നാല് മീറ്ററിലധികം (ഏകദേശം 13 അടി) വ്യാസമുള്ള തടിയും ഏകദേശം 30 മീറ്റർ (100 അടി) ഉയരവുമുള്ള ഒരു ഭീമാകാരനാണ് ഈ മരം. പായലും പൂപ്പലും മറ്റു ചെടികളും പടർന്നുകയറിയ ഇതിന്റെ പുറംതൊലിയിൽ ആഴത്തിലുള്ള ചുളിവുകൾ ആയിരക്കണക്കിന് വർഷങ്ങളുടെ കഥകൾ പറയുന്നു.

അലെർസ മിലെനാരിയോയെ ഇതിഹാസമാക്കുന്നത് അതിന്റെ പ്രായം തന്നെയാണ്. 2022ൽ ചിലിയൻ ശാസ്‌ത്രജ്‌ഞനായ ജൊനാഥൻ ബാരിച്ചിവ് നടത്തിയ പഠനമാണ് ഇത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ഈ കണക്കുകൾ പ്രകാരം മരത്തിന് 5,484 വർഷം പ്രായമുണ്ട്. എന്നാൽ, ഇത് ഇതുവരെ സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ല.

കാലിഫോർണിയയിലെ 4,789 വർഷം പഴക്കമുള്ള ‘മെഥൂസല’ എന്ന ബ്രിസിൽകോൺ പൈനാണ് നിലവിൽ ഏറ്റവും പ്രായമുള്ള മരം. ബാരിച്ചിവിന്റെ പഠനം അംഗീകരിക്കപ്പെട്ടാൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള മരമായി ഗ്രാൻ അബ്യൂലോ മാറും. തെക്കൻ ചിലിയിലെയും അർജന്റീനയിലെയും ആൻഡീസ്‌ പർവത നിലകളിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്.

ഈർപ്പവും തണുപ്പുമുള്ള കാലാവസ്‌ഥയിൽ തഴച്ചുവളരുന്ന ഇവയുടെ ചുവന്ന തടിക്ക് ഈടും ദ്രവിക്കാത്ത സ്വഭാവവുമുണ്ട്. കെട്ടിട നിർമാണത്തിനും കപ്പലുണ്ടാക്കാനും വ്യാപകമായി ഉപയോഗിച്ചിരുന്നതിനാൽ നൂറ്റാണ്ടുകളോളം ഈ മരങ്ങൾ വൻതോതിൽ മുറിച്ചുമാറ്റപ്പെട്ടു. ഇതോടെ അലെർസ മിലെനാരിയോയെപ്പോലുള്ള പുരാതന മരങ്ങൾ എണ്ണത്തിൽ കുറഞ്ഞു.

ഈ മരം ഇന്ന് മറ്റു പല ഭീഷണികളും നേരിടുന്നുണ്ട്. കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കടുത്ത വരൾച്ച ഇതിലൊന്നാണ്. വർധിച്ച വിനോദസഞ്ചാരികളുടെ എണ്ണം മരവേരുകൾക്ക് ചുറ്റുമുള്ള മണ്ണ് ഉറച്ചുപോകാനും കാരണമാകുന്നുണ്ട്. പ്രകൃതിയുടെ അത്‌ഭുതമായ ഗ്രാൻ അബ്യൂലോ ചിലിയിലെ ഒരു ദേശീയ സ്‌മാരകം കൂടിയാണ്. ശാസ്‌ത്രജ്‌ഞരുടെയും പരിസ്‌ഥിതി പ്രവർത്തകരുടെയും സഞ്ചാരികളുടെയും ശ്രദ്ധാ കേന്ദ്രവുമാണ്.

Most Read| നാലുമാസത്തെ തീവ്ര ചികിൽസ; 90 ശതമാനം പൊള്ളലേറ്റ കുഞ്ഞിന് പുതുജീവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE