ഇതിഹാസ കഥാപാത്രമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് വീണ്ടും എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം വെള്ളിത്തിരയിലെ ചരിത്രം തിരുത്തുമെന്നാണ് നിര്‍മാതാക്കളും ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. ‘ആദിപുരുഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രൊഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ്.
ത്രിഡി രൂപത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആദിപുരുഷിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വലിയ ഉത്തരവാദിത്തവും അതിനേക്കാള്‍ ഉപരി അഭിമാനവുമുണ്ടെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് പ്രഭാസ് വ്യക്തമാക്കി.
ടി- സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നന്മയുടെ വിജയത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ഇതിഹാസം പ്രമേയമായ ചിത്രത്തില്‍ മറ്റ് നിരവധി പ്രമുഖ താരങ്ങളും അണിനിരക്കും. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ആദിപുരുഷ്.
ഇന്ത്യന്‍ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ ചിത്രം തമിഴിലും മലയാളത്തിലും വിദേശ ഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രഭാസിന്റെ പ്രതിനായകനായി സിനിമയില്‍ വേഷമിടുക ബോളിവുഡ് താരമാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 2022ല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
അതിമനോഹരമായ ദൃശ്യങ്ങളിലൂടെ ഇന്ത്യന്‍ ഇതിഹാസ കഥ അനുഭവിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുകയാണ് ആദിപുരുഷിലൂടെയെന്ന് നിര്‍മാതാവ് ഭൂഷണ് കുമാര്‍ അഭിപ്രായപ്പെട്ടു. സിനിമ പ്രേക്ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത ആസ്വാദന അനുഭവം സമ്മാനിക്കുമെന്ന് സംവിധായകനും പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ഇതിനോടകം ലഭിച്ചത്. ഇതിഹാസ താരമായി പ്രഭാസിനെ വീണ്ടും വെള്ളിത്തിരയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.