ഇതിഹാസ കഥാപാത്രമായി പ്രഭാസ് വീണ്ടും: ‘ആദിപുരുഷ്’ പോസ്റ്റര്‍ പുറത്ത്

By Team Member, Malabar News
Malabarnews_adhipurush
നടൻ പ്രഭാസും 'ആദിപുരുഷ്' പോസ്റ്ററും
Ajwa Travels

ഇതിഹാസ കഥാപാത്രമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് വീണ്ടും എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം വെള്ളിത്തിരയിലെ ചരിത്രം തിരുത്തുമെന്നാണ് നിര്‍മാതാക്കളും ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. ‘ആദിപുരുഷ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രൊഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ്.

ത്രിഡി രൂപത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. തന്നെ തേടിയെത്തുന്ന ഓരോ കഥാപാത്രങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ആദിപുരുഷിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ വലിയ ഉത്തരവാദിത്തവും അതിനേക്കാള്‍ ഉപരി അഭിമാനവുമുണ്ടെന്ന് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് പ്രഭാസ് വ്യക്തമാക്കി.

ടി- സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നന്മയുടെ വിജയത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ഇതിഹാസം പ്രമേയമായ ചിത്രത്തില്‍ മറ്റ് നിരവധി പ്രമുഖ താരങ്ങളും അണിനിരക്കും. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ആദിപുരുഷ്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ ചിത്രം തമിഴിലും മലയാളത്തിലും വിദേശ ഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രഭാസിന്റെ പ്രതിനായകനായി സിനിമയില്‍ വേഷമിടുക ബോളിവുഡ് താരമാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 2022ല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

അതിമനോഹരമായ ദൃശ്യങ്ങളിലൂടെ ഇന്ത്യന്‍ ഇതിഹാസ കഥ അനുഭവിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുകയാണ് ആദിപുരുഷിലൂടെയെന്ന് നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. സിനിമ പ്രേക്ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത ആസ്വാദന അനുഭവം സമ്മാനിക്കുമെന്ന് സംവിധായകനും പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ഇതിനോടകം ലഭിച്ചത്. ഇതിഹാസ താരമായി പ്രഭാസിനെ വീണ്ടും വെള്ളിത്തിരയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE