വാഷിങ്ടൺ: കോവിഡ് വാക്‌സിൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫൈസർ. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നൽകുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഡിസംബർ പകുതിയോടെ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ വാക്‌സിൻ ഉപയോഗത്തിനുള്ള അടിയന്തിര അനുമതി നൽകുമെന്നാണ് കരുതുന്നതെന്ന് വാക്‌സിന്റെ നിർമാണ പങ്കാളികളായ ബയോൺടെക്ക് അറിയിച്ചു.
“എല്ലാം നല്ല നിലയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ഡിസംബർ രണ്ടാം പകുതിയോടെ അനുമതി ലഭിക്കുമെന്ന് കരുതാം. അങ്ങനെയെങ്കിൽ ക്രിസ്‌മസിന് മുൻപായി വാക്‌സിൻ വിതരണം ആരംഭിക്കാൻ കഴിയും”, ബയോൺടെക്ക് മേധാവി യുഗുർ സാഹിൻ അറിയിച്ചു. എല്ലാ നല്ലനിലയിൽ പോകുകയാണെങ്കിൽ മാത്രമേ ഇത് സംഭവിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈസറിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് ഒടുവിൽ നടത്തിയ അന്തിമ വിശകലനത്തിൽ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് അന്തിമ അനുമതിക്കായി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും ഫൈസർ വ്യക്‌തമാക്കി. വാക്‌സിൻ ഉപയോഗം പ്രായമായവരിലടക്കം കോവിഡ് രോഗബാധ തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.
Read also: രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് കൂടി കോവിഡ്; മരണസംഖ്യ 583









































