തിരുവനന്തപുരം: കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവം സഭയിൽ അടിയന്തര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. നിയമ വിരുദ്ധമായാണ് അനുപമയുടെ കുഞ്ഞിനെ എടുത്ത് മാറ്റിയത്. ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്‌ച പറ്റിയെന്നും കെകെ രമ നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിജിപിയും പോലീസും മുഖ്യമന്ത്രിയുടെ ഓഫിസും ദുരഭിമാന കുറ്റകൃത്യമാണ് നടത്തിയത്. പാൽ മണം മാറാത്ത കുട്ടിയെ അമ്മയിൽ നിന്ന് വലിച്ചെടുത്തുവെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച കെകെ രമ പറഞ്ഞു.
എന്നാല്‍ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചെന്ന് വീണ ജോർജ് മറുപടി നൽകി. സർക്കാരിന്റെ മുന്നിൽ പ്രശ്‌നം വന്നപ്പോഴെ ഇടപെട്ടു. അങ്ങനെയാണ് കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്. നടപടിക്രമങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കാൻ വനിതാ ശിശുക്ഷേമ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിയെ ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആരും അന്വേഷിച്ച് വന്നിട്ടില്ല. നടപടികൾ നിയമപരമായി നടന്നിട്ടുണ്ട്.
അനുപമ പരാതി നൽകിയപ്പോൾ തന്നെ ഓൺലൈനായി പരാതി കേട്ടു. അനുപമയുടെ ആവശ്യപ്രകാരം ഒരു കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി. അത് നെഗറ്റീവായിരുന്നു. അമ്മ തൊട്ടിലിൽ ലഭിക്കുന്ന കുട്ടിയുടെ കാര്യത്തിലെ എല്ലാ നടപടികളും പാലിച്ചു. ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയില്ല. പരാതിക്കാരിയുടെ ഒരു പരാതിയും അവഗണിച്ചിട്ടില്ല. ഒരു അനധികൃത ഇടപെടലും ഉണ്ടായിട്ടില്ല. സങ്കീർണ നിയമ പ്രക്രിയയുടെ കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.
തുടർന്ന് വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സ്വകാര്യതയുടെ വിഷയങ്ങൾ ഇതിലുണ്ടെന്നും കാണിച്ച് സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Read Also: അധിക്ഷേപകരമായ പരാമർശം; ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ