തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ. തന്റെ പ്രസ്‌താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു.
തന്റെ ഒരു പ്രസ്‌താവനയും സ്‌ത്രീകളെ വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ മുരളീധരനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പോലീസ് തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്‍പ്പറേഷനെതിരായ നികുതി വെട്ടിപ്പ് ആരോപണത്തിലെ കോണ്‍ഗ്രസ് സമര വേദിയിലായിരുന്നു മുരളീധരന്റെ അധിക്ഷേപ പരാമർശങ്ങൾ. മേയര്‍ക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടാണെന്ന് മുരളീധരന്‍ അധിക്ഷേപിച്ചിരുന്നു.
“കാണാന്‍ നല്ല സൗന്ദര്യം ഒക്കെയുണ്ട്, ശരിയാ… പക്ഷെ വായില്‍ നിന്നും വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയ്‌ത മഴയത്ത് മാത്രം കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തില്‍ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കില്‍ മേയറെ നോക്കി ‘കനക സിംഹാസനത്തില്‍’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും,”- എന്നിങ്ങനെ ആയിരുന്നു മുരളീധരന്റെ പ്രസ്‌താവന.
Most Read: മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിപി അനിൽ കാന്തിന്റെ മൊഴിയെടുത്തു