ചെന്നൈ: വിവാദമായ കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ. ബില്ലുകൾ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ ഇല്ലാതാക്കുമെന്നും ക്ഷാമവും വിലക്കയറ്റവുമുണ്ടായാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും കമൽ ഹാസൻ ചൂണ്ടിക്കാട്ടി. കൂടാതെ പാർലമെന്റിൽ പാസാക്കിയ ബില്ലുകൾ വീണ്ടും ചർച്ചക്ക് വിധേയമാക്കണമെന്ന് അദ്ദേഹം രാഷ്ട്രപതി രാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.
ബില്ലുകളെ പിന്തുണച്ചതിലൂടെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി തമിഴ്‌നാട്ടിലെ കർഷകരെ വഞ്ചിക്കുകയാണ് ചെയ്‌തതെന്ന് കമൽ ഹാസൻ പ്രസ്‌താവനയിൽ പറഞ്ഞു. ബില്ലുകൾ തമിഴ്‌നാട്ടിലെ കർഷകർക്ക് ഗുണം ചെയ്യുമെന്നതിനാൽ എതിർത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്നാണ് കമൽ ഹാസന്റെ പ്രസ്‌താവന. അതോടൊപ്പം വരുന്ന തെരഞ്ഞെടുപ്പിൽ സർക്കാരിനെ താഴെ ഇറക്കാൻ കർഷകർക്ക് കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Related News: പിന്നോട്ടില്ല, കാര്‍ഷിക ബില്‍ കര്‍ഷകന്റെ ഐശ്വര്യം; പ്രധാനമന്ത്രി
രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും ചരക്ക് നീക്കം അനുവദിക്കുന്ന ബില്ലുകൾ ഭക്ഷ്യസുരക്ഷക്ക് വെല്ലുവിളി ഉയർത്തുമെന്നും അതുവഴി തമിഴ്നാട്ടിൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കാർഷികോൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന കോർപ്പറേറ്റുകളെക്കുറിച്ച് സർക്കാർ മറച്ചുവെക്കുന്നത് എന്തുകൊണ്ടെന്നും കമൽ ഹാസൻ ചോദിച്ചു. കർഷകരെ കോർപ്പറേറ്റുകളുടെയും മറ്റും അടിമകളാക്കാനുള്ള തന്ത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാർഷിക ബില്ലുകൾക്കെതിരെ രാജ്യമെമ്പാടും വൻ പ്രതിഷേധമാണ് അലയടിക്കുന്നത്.
Kerala News: സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍: പോലീസിനെ മടക്കി അയച്ചു