പുൽപ്പള്ളി: ആദിവാസി കുടുംബങ്ങൾ വർഷങ്ങളായി കൃഷി ഇറക്കുന്ന വയലിൽ വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി. കൊളവള്ളിയിൽ കബനി തീരത്തോട് ചേർന്നുള്ള വയലിൽ കൃഷി ഇറക്കുന്നതിനാണ് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. വനം വകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധം ശക്‌തമാക്കി.
വന ഭൂമിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് വയലിൽ കൃഷി ഇറക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ വനംവകുപ്പ്, അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന ബോർഡും സ്‌ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വയലിൽ പണിയെടുത്തിരുന്ന കർഷകനെ കൃഷിയിടത്തിൽ നിന്ന് നിർബന്ധിച്ച് കയറ്റി വിടുകയും ചെയ്‌തിരുന്നു.
കബനി തീരത്തോട് ചേർന്ന വിശാലമായ പാടശേഖരത്തിലാണ് ഏറെ വർഷമായി കൊളവള്ളി കോളനിയിലെ ആദിവാസി കുടുംബങ്ങൾ കൃഷി ഇറക്കി കൊണ്ടിരിക്കുന്നത്. കോളനി നിവാസികളുടെ ഉപജീവന മാർഗവും കൃഷിയാണ്. എന്നാൽ, വിലക്ക് വന്നതോടെ കർഷകർക്ക് വയലിലേക്ക് ഇറങ്ങാനോ, പണി എടുക്കാനോ പോലും സാധിക്കാത്ത അവസ്‌ഥയിലാണ്. വനം വകുപ്പിന്റെ നടപടി തുടർന്നാൽ നിർധനരായ നിരവധി ആദിവാസി കുടുംബങ്ങൾ പട്ടിണിയിലാകുമെന്നും, ഉപജീവനത്തിനായി മറ്റൊരു മാർഗമില്ലെന്നും നാട്ടുകാർ പറഞ്ഞു. വനം വകുപ്പിന്റെ നടപടിക്കെതിരെ ശക്‌തമായ പ്രതിഷേധം നടത്താനാണ് കോളനി വാസികളുടെ തീരുമാനം.
Read Also: കൊച്ചിയിൽ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി; ദാരുണം