ശ്രദ്ധിക്കണം; അലർജി നിസാരക്കാരനല്ല

By Desk Reporter, Malabar News
Health News
Representational Image
Ajwa Travels

വളരെ നിസാരമായി നാം കാണുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് അലർജി. അലർജിയെ ഒരു രോഗമായോ രോഗ ലക്ഷണമായോ കാണാൻ നമ്മളിൽ പലരും ഇപ്പോഴും തയ്യാറല്ല. എന്നാൽ നമ്മൾ നിസാരമായി കാണുന്ന അലർജി വളരെയധികം ഗൗരവം അർഹിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങുന്ന അലര്‍ജി പ്രശ്‌നങ്ങൾ പലരും ആദ്യഘട്ടങ്ങളില്‍ അടക്കി നിര്‍ത്തുകയാണ് പതിവ്. പിന്നീട് നിത്യജീവിതത്തെ പോലും ഗുരുതരമായി ബാധിച്ചു തുടങ്ങുമ്പോഴാണ് ഇതിന്റെ ചികിൽസയെ കുറിച്ച് പലരും ചിന്തിച്ചു തുടങ്ങുന്നതു തന്നെ.

തണുപ്പോ പൊടിയോ പുകയോ ഏറ്റാല്‍ ഉണ്ടാവുന്ന തുമ്മല്‍, ശ്വാസ തടസം, തൊലിപ്പുറത്തുണ്ടാവുന്ന ചൊറിച്ചില്‍, ചുവന്ന പാടുകള്‍, പ്രത്യേക ഭക്ഷണം കഴിച്ചാല്‍ ഉണ്ടാവുന്ന ചെറിയ വേദനകള്‍, എരിച്ചിലുകള്‍, വയറുവേദന, ഛര്‍ദ്ദി എന്നു തുടങ്ങി അലര്‍ജിയുടെ പ്രകടമായ രൂപങ്ങള്‍ പലതാണ്.

എന്താണ് അലർജി?

ശരീരവുമായി സമ്പർക്കത്തിൽ വരുന്ന പദാർഥങ്ങളോട് നമ്മുടെ പ്രതിരോധശക്‌തി അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി അല്ലെങ്കിൽ അലർജിക് റിയാക്ഷൻ എന്നു പറയുന്നത്. നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്‌തിയുടെ കാവൽപടയായ ശ്വേതരക്‌താണുക്കളാണ് ഈ പദാർഥങ്ങളെ പ്രതിരോധിച്ച് പുറന്തള്ളാൻ ശ്രമിക്കുന്നത്.

കൈകുഞ്ഞുങ്ങൾ മുതൽ വൃദ്ധരിൽ വരെ അലർജി ഉണ്ടാകാം. ഏത് പ്രായത്തിലും ഇത് ആരംഭിക്കാവുന്നതാണ്. മാതാപിതാക്കൾക്ക് അലർജി ഉണ്ടെങ്കിൽ മക്കളിൽ അലർജി വരാനുള്ള സാധ്യത നാലിരട്ടിയോ അതിലധികമോ ആണ്.

ചൊറിച്ചിൽ, തുമ്മൽ പോലെയുള്ള നിസാര പ്രശ്‌നങ്ങൾ മുതൽ അസ്‌തമ പോലെ ബുദ്ധിമുട്ടിക്കുന്ന അവസ്‌ഥകളും അപൂർവമായെങ്കിലും ഗുരുതരവും മാരകവുമായ അനാഫൈലക്‌സിസ് എന്ന അവസ്‌ഥയും അലർജിക് റിയാക്ഷൻ മൂലം ഉണ്ടാകാം.

അലർജി എന്തുകൊണ്ട് വരുന്നു?

അലര്‍ജി ഒരു സൂചനയാണ്. പ്രകൃതിയുമൊത്തുള്ള ശരീരത്തിന്റെ താളം തെറ്റുന്നതാണ് ശരീരത്തിന്റെ ഈ അമിത പ്രതികരണം സംഭവിക്കുന്നതിന്റെ യഥാർഥ കാരണം. ശരിയായ ആഗിരണത്തിന് പറ്റാതെയും എന്നാല്‍ പുറന്തള്ളപ്പെടാതെയുമിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ ശരീരത്തിലടിയുന്നതാണ് ഈ താളപ്പിഴക്ക് കാരണം. അതിനെ ഏതുവിധേനെയെങ്കിലും പുറന്തള്ളാനുള്ള ശരീരത്തിന്റെ ശ്രമങ്ങളാണ് അലര്‍ജിയുടെ രൂപത്തിലെത്തുന്നത്.

എങ്ങനെ പ്രതിരോധിക്കാം

ജീവിക്കുന്ന ചുറ്റുപാടുമായുള്ള ശരീരത്തിന്റെ താളം തെറ്റുന്നതാണ് അലര്‍ജി എന്ന് നേരത്തെ പറഞ്ഞല്ലോ. ഈ അടിസ്‌ഥാന കാരണത്തിന് പരിഹാരം കാണാന്‍ സാധിച്ചാല്‍ മാത്രമേ അലര്‍ജിക്കും ശാശ്വത പരിഹാരമുണ്ടാവുകയുള്ളൂ. അതുകൊണ്ട് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷിയെ ഉത്തേജിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. അതിന് ഭക്ഷണശീലങ്ങളിലും ജീവിത രീതികളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരും.

പൊടി, പുക, തണുപ്പ്, വെയിൽ തുടങ്ങി എന്താണോ അലർജി ഉണ്ടാക്കുന്നത്, അതുമായി സമ്പർക്കം ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതാതു മേഖലയിലെ വിദഗ്‌ധ ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്.

അലർജിയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

  • അലർജിക്കു കാരണമായ ഘടകങ്ങൾ പൂർണമായും ഒഴിവാക്കുക.
  • മരുന്നിനോട് ഒരിക്കൽ അലർജി വന്നിട്ടുള്ളവർ കാരണമായ മരുന്നുകളുടെ പേരുകൾ ഓർത്തു വെക്കുകയും പേഴ്‌സിലോ മറ്റോ എഴുതി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അടുത്ത ബന്ധുക്കളും ഇതേക്കുറിച്ച് ബോധവാൻമാർ ആയിരിക്കണം. ഏതു രോഗത്തിന്റെ ചികിൽസക്കായി ആശുപത്രിയിൽ പോകേണ്ടി വന്നാലും മരുന്നിന്റെ വിവരങ്ങൾ ഡോക്‌ടറെ ധരിപ്പിക്കണം.
  • അറ്റോപിക് ഡെർമറ്റൈറ്റിസ് ഉള്ളവർ ചർമം വരളാതെ സൂക്ഷിക്കുക, എണ്ണകളും മോയ്‌സ്‌ചറൈസറുകളും ഇതിനായി ഉപയോഗിക്കാം. (കുട്ടികളിൽ വളരെ സാധാരണയായി കണ്ടു വരുന്ന ത്വക് രോഗമാണ് അറ്റോപിക് ഡെർമറ്റൈറ്റിസ്. കൈ കുഞ്ഞുങ്ങളിൽ കവിളത്തും മുട്ടിലിഴയാൻ തുടങ്ങുമ്പോൾ കാലുകളിലും കൈകളിലും വെള്ളമൊലിക്കുന്ന ചുവന്ന പാടുകളായും മുതിർന്നവരിൽ കൈകാൽ മടക്കുകളിൽ കറുത്ത കട്ടിയുള്ള തടിപ്പുകളായും അറ്റോപിക് ഡെർമറ്റൈറ്റിസ് കണ്ടു വരുന്നു. അസഹനീയമായ ചൊറിച്ചിൽ ഒരു പ്രധാന രോഗലക്ഷണമാണ്.)
  • മരുന്നുകൾ ഉപയോഗിച്ച് ചൊറിച്ചിൽ നിയന്ത്രണവിധേയമാക്കുക.
  • അലർജിക് കൺജങ്ക്റ്റിവൈറ്റിസ് ഉള്ളവർ കണ്ണ് തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണം. (നമ്മുടെ കണ്ണിലെ നേത്ര ഗോളങ്ങളെ പൊതിഞ്ഞിരിക്കുന്ന ആവരണമായ കൺജങ്ക്റ്റിവ (Conjunctiva) എന്ന് പറയുന്ന പാളിക്ക് ഉണ്ടാകുന്ന അലർജി മൂലമുള്ള നീർകെട്ട് ആണ് ‘അലർജിക് കൺജങ്ക്റ്റിവൈറ്റിസ്’ എന്ന പേരിൽ അറിയപ്പെടുന്നത്.)
  • തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നത് ചൊറിച്ചിലും എരിച്ചിലും കുറക്കാന്‍ സഹായിക്കും.
  • അലര്‍ജി സാധ്യതയുള്ളവര്‍ ചൂടുകാലവും തണുപ്പ് കാലവും പെട്ടെന്ന് മാറുന്ന മാസങ്ങളിൽ ഇരുചക്രവാഹനത്തിലുള്ള യാത്ര ഒഴിവാക്കുന്നത് പരിഗണിക്കേണ്ടതാണ്.
  • ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോള്‍ മുഖാവരണം ഉള്ള ഹെൽമെറ്റ്, കണ്ണട, മാസ്‌ക് എന്നിവ ധരിക്കുന്നത് അലർജി വരാനുള്ള സാധ്യത കുറക്കാൻ സഹായിക്കും.
  • ആന്റിഹിസ്‌റ്റാമിനുകൾ ഉപയോഗിക്കുന്നവർ വാഹനം ഓടിക്കുമ്പോഴും മെഷീനുകൾ പ്രവർത്തിക്കുമ്പോഴും സൂക്ഷിക്കണം, കഴിയുമെങ്കിൽ ഒഴിവാക്കണം.

Most Read:  പാദങ്ങളുടെ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ മറക്കരുത്; ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർക്കാം ഇവ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE