മുഖവും കൈകളും പോലെ വൃത്തിയോടെയും ആരോഗ്യത്തോടെയും മനോഹരമായും സൂക്ഷിക്കേണ്ട ഒന്നാണ് പാദങ്ങൾ. കാലുകളുടെ വൃത്തി ഒരാളുടെ വ്യക്‌തിത്വത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിങ്ങളുടെ കാലുകളെ മനോഹരമാക്കി സൂക്ഷിക്കാന്‍ ഓർത്തിരിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ;
- കാലുകള്‍ കഴുകുന്ന സമയത്ത് ഒരു ആന്റിബാക്‌ടീരിയല്‍ സോപ്പ് ഉപയോഗിക്കുക. കഴുകിയ ശേഷം വിരലുകള്‍ക്കിടയിലുള്ള ജലാംശം പൂർണമായും തുടച്ചുമാറ്റുക. ഇല്ലെങ്കിൽ അവിടെ ഫംഗസ്, ബാക്‌ടീരിയ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- സോക്‌സുകള്‍ ധരിക്കുന്നതിന് മുമ്പ് കാലുകളില്‍ ഒരു ആന്റി പെര്‍സ്‌പൈര്‍ പുരട്ടുക. കാലിലെ വിയര്‍പ്പ് കുറയ്‌ക്കാൻ ആന്റി പെര്‍സ്‌പൈര്‍ ഫലപ്രദമാണ്.
- ആന്റി പെര്‍സ്‌പൈര്‍ ഉപയോഗിച്ച ശേഷം ഒരു ഫൂട്ട് പൗഡര്‍ കാലുകളില്‍ പുരട്ടാവുന്നതാണ്. കാലുകളിലെ അമിതമായ വിയര്‍പ്പ് വലിച്ചെടുക്കുന്ന ഫൂട്ട് പൗഡര്‍ ദുര്‍ഗന്ധം കുറയ്‌ക്കാൻ സഹായിക്കും.
- നാല് കപ്പ് വെള്ളത്തില്‍ അരക്കപ്പ് വിനാഗിരി ചേര്‍ത്ത് കാലുകള്‍ അതില്‍ 15 മിനിറ്റ് മുക്കിവക്കുന്നത് അമിത വിയര്‍പ്പ് തടയും. ഇത് ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്‌ടീരിയകളെ നശിപ്പിക്കും.
- ഇടയ്‌ക്കിടെ സോക്‌സുകള്‍ മാറ്റുക. നിങ്ങളുടെ സോക്‌സുകള്‍ വിയര്‍ത്തു എന്നു തോന്നിയാല്‍ സോക്‌സ് മാറ്റി കാലുകള്‍ കഴുകി പുതിയ ഒരു ജോഡി സോക്‌സുകള്‍ ധരിക്കുക. ഓഫിസിലോ പൊതുസ്‌ഥലത്തോ ആയിരിക്കുമ്പോള്‍ കാലുകള്‍ കഴുകുന്നതിന് പകരം വ്യത്തിയാക്കാനായി ബേബി വൈപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
- ഷൂസ് ഉപയോഗിക്കുന്നത് പരമാവധി കുറച്ച് വായു സഞ്ചാരമുള്ള മറ്റ് ചെരിപ്പുകള്‍ ഉപയോഗിക്കുക. തുറന്ന ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ കാലുകള്‍ വിയര്‍ക്കുന്നത് കുറയ്‌ക്കും.
- കാലുകളില്‍ ലാവന്‍ഡര്‍ എണ്ണ പുരട്ടുക. സുഗന്ധം നല്‍കുന്നതിനൊപ്പം ആന്റി ഫംഗല്‍ എലമന്റായും അത് പ്രവര്‍ത്തിക്കും. ചൂടുവെള്ളത്തില്‍ രണ്ട് മൂന്ന് തുള്ളി ലാവന്‍ഡര്‍ എണ്ണ ഒഴിച്ച് 15 മിനിറ്റ് കാല്‍ മുക്കി വെക്കുക. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഇത് ചെയ്യുക.
ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കാം
- ഷൂസ്, ചെരുപ്പ് വാങ്ങുന്നതിനു മുമ്പ് ധരിച്ചു ട്രയൽ (പരീക്ഷണം) ചെയ്യുന്നത് ഉചിതമായിരിക്കും.
- ദിവസത്തിൽ വൈകുന്നേരമാകുമ്പോഴാണു പാദങ്ങൾ പകൽ മുഴുവനുള്ള ഓട്ടപ്പാച്ചിലിനുശേഷം ചെറിയ തോതിൽ കൂടുതൽ വലുപ്പം വെക്കുന്നത്. അതുകൊണ്ട് വൈകുന്നേരം ചെരുപ്പു പരീക്ഷിക്കുന്നതാണു നല്ലത്.
- എഴുന്നേറ്റു നിന്നു കൊണ്ടു വേണം ഷൂസ് ധരിച്ചു പാകം നോക്കാൻ.
- പാദത്തിലെ ഏറ്റവും നീളം കൂടിയ വിരലിനു മുമ്പിലും പാദത്തിന്റെ പുറകിലും ഏതാണ്ട് അരയിഞ്ച് അകലം കൂടുതൽ വേണം. വശങ്ങളിൽ ഒരു തള്ളവിരൽ കടത്താനുള്ളത്ര വിടവുണ്ടാകണം. കാൽ വിരലുകൾ അനക്കാൻ സാധിക്കണം.
- മിക്കവരുടെയും ഇരുപാദങ്ങൾ തമ്മിൽ വലുപ്പവ്യത്യാസം ഉണ്ടാകും എന്നതിനാൽ രണ്ടു കാലിലും ഷൂസിട്ടുവേണം നിന്നും നടന്നും പരീക്ഷിക്കാൻ. വലിയ പാദത്തിന്റെ പാകത്തിനു വേണം ചെരിപ്പു തിരഞ്ഞെടുക്കാൻ.
- ഓട്ടത്തിന് ഉപയോഗിക്കുന്ന ഷൂസ് 400 മുതൽ 600 മൈൽ ഓടാനേ ഉപയോഗിക്കാവൂ. അത്രയുമായാൽ ഷൂസ് മാറാം.
- നടപ്പിനായി ഷൂസ് ഉപയോഗിക്കുന്നവർ ആറു മാസത്തിലൊരിക്കൽ മാറ്റാം.
- ദിവസവും ചെരുപ്പ്, ഷൂസ് മാറി മാറി ഉപയോഗിക്കുന്നത് പാദത്തിന്റെ ആകൃതിയിൽ മാറ്റം വരുത്താനും തൻമൂലം ശരീരഭാരത്തിന്റെ ലോഡ് സന്ധികളിലും പേശികളിലും ശരിയായ രീതിയിൽ ക്രമപ്പെടുത്താനും ഗുണകരമാണ്.
Most Read: കോവിഡ് വാക്‌സിന് മുൻപ് വേദനസംഹാരി കഴിക്കരുത്; ലോകാരോഗ്യ സംഘടന