ആലപ്പുഴ: ജില്ലയിൽ സിൽവർ ലൈനെതിരെ ബിജെപിയുടെ പദയാത്ര ചെങ്ങന്നൂർ മുളക്കുഴയിൽ കെ സുരേന്ദ്രൻ ഉൽഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിലാണ് പദയാത്ര സമാപിക്കുക. കരുണ പാലിയേറ്റിവ് കെയർ മന്ത്രി സജി ചെറിയാന്റെ പൊയ്‌മുഖമെന്ന് സുരേന്ദ്രൻ വിമർശിച്ചു.
കെ റെയിൽ എംഡി റെയിൽവേയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണെന്ന് മറക്കരുത്. ജനങ്ങളെ ദ്രോഹിച്ചാൽ കെ റെയിൽ എംഡിയെ തിരിച്ച് വിളിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കൊഴുവല്ലൂരിലെ സമര നേതാവ് സിന്ധു ജെയിംസിനെ വേദിയിൽ ആദരിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് പദയാത്രയിൽ പങ്കെടുത്തത്.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. സിൽവർ ലൈൻ സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി സർക്കാരിനെ ചോദ്യം ചെയ്‌തു. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സൃഷ്‌ടിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ മറ്റിടങ്ങളിൽ സമാന പദ്ധതികളെ എതിർക്കുകയാണ്. സാമൂഹികാഘാത പഠനത്തിന് ഇത്ര വലിയ കല്ലുകൾ എന്തിനെന്നും കോടതി ചോദിച്ചു. എന്നാൽ ഹരജിക്ക് പുറത്തുള്ള കാര്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം.
Most Read: ബാലചന്ദ്രകുമാർ പോലീസ് ക്ളബ്ബിൽ; ദിലീപിനൊപ്പം ഇരുത്തി ചോദ്യംചെയ്യൽ തുടരുന്നു