കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി. ഇരുവരെയും ഒപ്പമിരുത്തി, ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ആലുവ പോലീസ് ക്ളബ്ബിലാണ് ചോദ്യംചെയ്യല്‍.
ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്‌ഥിതി അറിയാനാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10.30 മുതൽ ദിലീപിന്റെ ചോദ്യം ചെയ്യൽ തുടർന്നു വരുന്നതിനിടെയാണ് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ ബാലചന്ദ്രകുമാറിനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്തിലാണ് തുടർച്ചയായ രണ്ടാം ദിവസവും ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ദിലീപിനെ 7 മണിക്കൂർ ചോദ്യം ചെയ്‌തിരുന്നു.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്‌മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്‌ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയാണോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
എന്നാൽ നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശമില്ലെന്ന് ആവർത്തിക്കുകയാണ് ദിലീപ്. ദൃശ്യം തന്റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നുമാണ് ദിലീപ് മറുപടി നൽകുന്നത്. ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ബാലചന്ദ്രകുമാര്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും കഴിഞ്ഞ ദിവസം ദിലീപ് തള്ളിക്കളഞ്ഞിരുന്നു. പണം തട്ടിയെടുക്കാന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കിയ ബ്ളാക്‌മെയില്‍ കെണിയില്‍ വീഴാതിരുന്നതിനാലാണ് വസ്‌തുതാ വിരുദ്ധമായ ആരോപണങ്ങളുമായി മാദ്ധ്യമങ്ങളെ സമീപിച്ചതെന്നാണ് ദിലീപിന്റെ മൊഴി.
Most Read: വർക്കല തീപിടിത്തം; തീ പടർന്നത് കാർ പോർച്ചിൽ നിന്നെന്ന് ഫയർഫോഴ്‌സ് റിപ്പോർട്
ബാലചന്ദ്രകുമാറിനെ മുന്‍പില്‍ നിര്‍ത്തി മറ്റു ചിലരും മുതലെടുപ്പിനു ശ്രമിച്ചതായും ദിലീപ് കുറ്റപ്പെടുത്തി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇടയാക്കിയ സാഹചര്യം ഒരുക്കിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായും ദിലീപ് ആരോപിച്ചു. കേസിന്റെ പുരോഗതി തനിക്ക് അനുകൂലമാണെന്ന തോന്നല്‍ ഉണ്ടായപ്പോഴെല്ലാം ബാലചന്ദ്രകുമാര്‍ ഉന്നയിച്ചതു പോലുള്ള ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തു വരാറുണ്ടെന്നും ദിലീപ് പറയുന്നു.
ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണിൽ നിന്ന് നീക്കം ചെയ്‌ത വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകൾ വെച്ചും ഇന്നലത്തെ മൊഴി വിലയിരുത്തിയുമുള്ള ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ 20 സാക്ഷികൾ കൂറുമാറുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിൽ ദിലീപിന്റെ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകർ ഉൾപ്പടെ വിളിച്ചു സംസാരിച്ചതായി സാക്ഷികൾ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈം ബ്രാഞ്ച്. ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ വധ ഗൂഡാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്.
Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക