ന്യൂഡെൽഹി: അടുത്ത മൂന്നോ നാലോ മാസങ്ങൾക്കകം രാജ്യത്ത് കോവിഡ് വാക്‌സിൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. ഫിക്കി എഫ്എൽഒ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കവേയാണ് അദ്ദേഹം വാക്‌സിനുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത്.
‘അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് വിശ്വാസം. വാക്‌സിൻ വിതരണത്തിന്റെ മറ്റു വിഷയങ്ങൾ മനസിലാക്കാൻ പഠനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിലാവും വിതരണം നടക്കുക. സ്വാഭാവികമായും ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, മുതിർന്ന പൗരൻമാർ എന്നിവർക്കാവും പ്രഥമ പരിഗണന. ഇതിന് വേണ്ടി ഇ-വാക്‌സിൻ ഇന്റലിജൻസ് സങ്കേതം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. തീർച്ചയായും 2021 നമുക്ക് ഭേദപ്പെട്ട വർഷമായിരിക്കും’ അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ജൂലായ്-ഓഗസ്‌റ്റ് മാസങ്ങളോടെ രാജ്യത്തെ 30 കോടി ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് നിർമ്മിക്കുന്ന വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം ഏതാണ്ട് പൂർത്തിയാവാറായി.
ഭാരത് ബയോടെക് അവതരിപ്പിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും. അടുത്ത വർഷം പകുതിയോടെ വാക്‌സിനുകൾ വിപണിയിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: ട്രാൻസ്ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം