ചണ്ഡിഗഢ്: കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവും, പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനുമായ സുനില്‍ ജാഖര്‍. കോണ്‍ഗ്രസിന്റെ ശാക്‌തീകരണത്തിനായി ചിന്തന്‍ ശിബിര്‍ പരിപാടികള്‍ നടക്കുന്നതിന് ഇടയിലാണ് രാജി. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും, യാത്ര പറയുകയാണെന്നും ജാഖര്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കെതിരെ അടുത്തിടെ നടത്തിയ പ്രസ്‌താവനയില്‍ ഹൈക്കമാന്‍ഡ് ജാഖറിന് കാരണം കാണിക്കല്‍ നോട്ടീസ് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ജാഖറിന്റെ തീരുമാനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട വന്‍ തകര്‍ച്ചയുടെ കാരണം ചരണ്‍ജിത്ത് സിംഗ് ചന്നിയാണെന്ന് ജാഖര്‍ ആരോപിച്ചിരുന്നു. ട്വീറ്റ് വിവാദമായതോടെ ആരോപണം പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടപ്പോള്‍ മുഖ്യമന്ത്രിയാവാൻ ചന്നിയെ പിന്തുണച്ചത് രണ്ട് പേര്‍ മാത്രമാണെന്നും ബാക്കിയെല്ലാവരും തനിക്ക് അനുകൂലമായിരുന്നുവെന്നും ജാഖര്‍ നേരത്തെ ആരോപിച്ചിരുന്നു. അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതോടെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് കൂടുതല്‍ ഉയര്‍ന്നു കേട്ടത് ജാഖറിന്റെ പേരായിരുന്നു. എന്നാല്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ സിഖുകാരന്‍ മതിയെന്ന അംബിക സോണിയുടെ പരാമര്‍ശത്തിലാണ് ചന്നിയെ തിരഞ്ഞെടുത്തത്.
പാര്‍ട്ടിയുടെ ആശയത്തില്‍ നിന്ന് വിട്ടുപോകരുതെന്ന് സോണിയ ഗാന്ധിയോടും മുഖസ്‌തുതി പറയുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ശ്രദ്ധിക്കണമെന്ന് രാഹുൽ ഗാന്ധിയോടും ജാഖര്‍ പറഞ്ഞു. മന്‍ കി ബാത് എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ജാഖര്‍ രാജി അറിയിച്ചത്.
Read also: ഡെൽഹി തീപിടുത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്‌ടപരിഹാരം; മുഖ്യമന്ത്രി