ഹാങ്ചൗ: ഏഷ്യന് ഗെയിംസിൽ ഇന്ത്യക്ക് പൊൻതിളക്കം. ചരിത്രം സൃഷ്ടിച്ചു ഇന്ത്യയുടെ മെഡൽ നേട്ടം നൂറായി. വനിതാ കബഡിയിൽ സ്വർണമെഡൽ നേടിയതോടെയാണ് 100 മെഡൽ എന്ന ചരിത്ര സംഖ്യയിലേക്ക് ഇന്ത്യ എത്തിയത്. കബഡി സ്വർണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാല് മെഡലുകൾ കൂടി നേടിയതോടെയാണ് ഇന്ത്യ സെഞ്ചുറിയിൽ മുത്തമിട്ടത്.
25 സ്വർണം, 35 വെള്ളി, 40 വെങ്കലവുമടക്കം 100 മെഡലുകളുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. വനിതാ കബഡി ഫൈനലിൽ ചൈനീസ് തായ്പേയിയെ 26-24 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗെയിംസിന്റെ 14ആം ദിനത്തിൽ രാവിലെ തന്നെ മൂന്ന് സ്വർണം ഉൾപ്പടെ അഞ്ചു മെഡലുകളാണ് ഇന്ത്യ നേടിയത്.
വനിതാ അർച്ചറിയിൽ ജ്യോതി വെന്നം, പുരുഷ ആർച്ചറിയിൽ ഓജസ് ഡിയോട്ടലെ എന്നിവരാണ് മറ്റു സ്വർണജേതാക്കൾ. പുരുഷ അർച്ചറിയിൽ വെള്ളിയും വനിതാ അർച്ചയിൽ വെങ്കലവും ഇന്ത്യക്കാണ്. ഇന്നലെ വരെ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവും സഹിതം 95 മെഡലുകളാണ് ഇന്ത്യ നേടിയത്. പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റൺ പുരുഷ ഡബിൾസിലും ഫൈനൽ മൽസരങ്ങളിൽ ഇന്ത്യൻ പ്രാതിനിധ്യമുള്ളതിനാൽ രണ്ടു മെഡലുകൾ കൂടി ഉറപ്പാണ്.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ സർവകാല റെക്കോർഡാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2018ലെ 70 മെഡലുകൾ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ കാഴ്ചവെക്കുന്നത്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകൾ നേടിയതായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
Most Read| ഇറാനിൽ സ്ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്കാരം നർഗേസ് മുഹമ്മദിക്ക്