മലപ്പുറം: സില്‍വർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം അടുത്ത ഘട്ടത്തിലേക്കെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനല്ല സംസ്‌ഥാന സര്‍ക്കാരിനാണ് സില്‍വർ ലൈനിൽ കാഴ്‌ചപ്പാടില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ സമ്മേളനം വിജയമായത് കൊണ്ടാണ് ലീഗ് നിരന്തര വിമര്‍ശനത്തിന് ഇരയാകുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിക്കുന്നു.
പരിസ്‌ഥിതി ആഘാതം സംബന്ധിച്ചും പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ചും ഒട്ടേറെ ആശങ്കകൾ നിലവിലുണ്ടെന്നും അത് പരിഹരിക്കാൻ സർക്കാർ ചർച്ചകൾക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ വാശി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനമാണ് ലീഗിന്റെ അജൻഡ.
ന്യൂനപക്ഷ, പിന്നാക്ക, അവശ വിഭാഗങ്ങളെ ഉയർത്തി കൊണ്ടുവരാൻ പരിശ്രമിക്കുന്ന സംഘടനയാണ് ലീഗെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര നിലപാടിൽ ലീഗ് ഒരിക്കലും വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല. ലീഗ് ഇല്ലാതായാൽ ആ സ്‌ഥാനം കീഴടക്കുന്നത് ആലപ്പുഴ മോഡൽ വർഗീയതയിലൂന്നിയ രാഷ്‌ട്രീയം പറയുന്നവർ ആയിരിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read Also: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍








































