ആലപ്പുഴ: കെ-റെയിലിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം. പ്രതിഷേധം ശക്തമായ ആലപ്പുഴയിൽ കടുത്ത പ്രതിരോധം തീർക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ വീടുകൾ കയറി പ്രചരണം നടത്തും. പാർട്ടി കോൺഗ്രസിന് ശേഷമാകും വീടുകൾ കയറിയുള്ള പ്രചരണം ഊർജിതമാക്കുക. വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും ഇന്ന് ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
അതേസമയം നേരത്തെ തന്നെ കെ-റെയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വീട് കയറി പ്രചാരണത്തിന് തുടക്കമിടാൻ ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു തുടങ്ങി. ജനസഭാ സദസ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡിവൈഎഫ്ഐ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. ‘കെ-റെയിൽ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെയാണ് പ്രചാരണം.
കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ രംഗത്തെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ കണ്ണൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും.
Read Also: ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി പുറത്ത്