മിലാൻ: തുടര്‍ച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി പുറത്ത്. പലേര്‍മൊയിലെ സ്വന്തം സ്‌റ്റേഡിയമായ റെന്‍സോ ബാര്‍ബെറെയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തില്‍ നോര്‍ത്ത് മാസിഡോണിയയാണ് ഇറ്റലിയെ (1-0) അട്ടിമറിച്ചത്.
ഇഞ്ചുറി ടൈമില്‍ മാസിഡോണിയയുടെ അലക്‌സാണ്ടര്‍ ട്രാജ്‌കോവ്‌സ്‌കിയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ത്ത ഗോള്‍ നേടിയത്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനും അസൂറികള്‍ക്ക് യോഗ്യത നേടാനായിരുന്നില്ല. ഇതിന് ശേഷം ശക്‌തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വര്‍ഷം നടന്ന യൂറോ കപ്പില്‍ ടീം കപ്പടിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യതാ മൽസരങ്ങളില്‍ ആദ്യ റൗണ്ടില്‍ യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് പ്ളേ ഓഫ് കളിക്കേണ്ടി വരികയായിരുന്നു.
1958ലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. നാല് തവണ ഫുട്‌ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള രാജ്യമാണ് ഇറ്റലി. 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോക ജേതാക്കളായിട്ടുള്ളത്. 1970, 1994 ലോകകപ്പുകളില്‍ ഇറ്റലി ഫൈനലില്‍ പരാജയപ്പെട്ടിട്ടുണ്ട്. അതേസമയം, ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായാണ് ഖത്തര്‍ ലോകകപ്പ് നടക്കുക.
Read Also: പണിമുടക്കിൽ നിന്നും സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്