മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുല്‍ മജീദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണ മിശ്രിതം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
1024 ഗ്രാം തൂക്കമുള്ള നാല് കാപ്സ്യൂളുകളിലായാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെത്തിയത്. ഇവ വേര്‍തിരിച്ചപ്പോള്‍ 937 ഗ്രാം തൂക്കം വരുന്ന 45ലക്ഷം രൂപയുടെ സ്വര്‍ണമാണ് ലഭിച്ചത്. കാസര്‍കോട് സ്വദേശിയാണ് പിടിയിലായ അബ്ദുല്‍ മജീദ്.
യാത്രക്കാരനെ അറസ്റ്റ് ചെയ്ത കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ എസ് മധുസൂദന ഭട്ടിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എന്‍.സി പ്രശാന്ത്, ഇന്‍സ്പെക്ടര്‍മാരായ വി പ്രകാശന്, അശോകുമാര്‍, മനീഷ് ഖട്ടാന, യുഗല്‍ കുമാര്‍, ഗുര്‍മിത് സിംഗ്, ഹെഡ് ഹവീല്‍ദാര്‍ സി വി ശശീന്ദ്രന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.