തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുമ്പോള്‍ കൂടുതല്‍ ആശങ്കയായി ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട്. തിരിച്ചറിയപ്പെടാത്ത രോഗികളുടെ എണ്ണം നിലവിലെ രോഗബാധിതരേക്കാള്‍ 36 ഇരട്ടിയോളം അധികമായിരിക്കാം എന്നാണ് ഐസിഎംആര്‍ ദേശീയ തലത്തില്‍ നടത്തിയ സീറോളജിക്കല്‍ സര്‍വേയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. കേരളത്തിലെ കോവിഡ് പരിശോധനയുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയു.
ഐസിഎംആര്‍ സീറോളജിക്കല്‍ സര്‍വേയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 6.6 ശതമാനം പേര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്. ഇതുപ്രകാരം കേരളത്തില്‍ 21.78 ലക്ഷം കോവിഡ് ബാധിതര്‍ ഉണ്ടാവാം, എന്നാല്‍ കേരളത്തില്‍ പരിശോധന നടത്തിയ ആഗസ്‌റ്റ് 24-ന് ആകെ രോഗികള്‍ 59,640 ആയിരുന്നു. എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഐസിഎംആര്‍ പരിശോധന നടത്തിയത്.
നിലവില്‍ 2 ലക്ഷത്തോളം കോവിഡ് ബാധിതരാണ് കേരളത്തില്‍ ഉള്ളത്. അതിന്റെ 36 മടങ്ങ് എന്ന കണക്കില്‍ 72 ലക്ഷത്തോളം പേര്‍ക്ക് തിരിച്ചറിയപ്പെടാതെ രോഗബാധ ഉണ്ടാവാം എന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന ഡോ. അരുണ്‍ കുമാര്‍ പറയുന്നു. രോഗബാധിതരുടെ എണ്ണം ഈ മാസം പകുതിയോടെ കുറഞ്ഞു തുടങ്ങാമെന്നും അദ്ദേഹം പറയുന്നു.
രോഗപ്രതിരോധം ശക്തമാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും മുഴുവന്‍ ജില്ലകളിലും ഐസിഎംആര്‍ സീറോളജിക്കല്‍ സര്‍വേ നടത്തണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
Read Also: കോവിഡ്; പ്രതിദിന കണക്കുകളില്‍ ആയിരം കടന്ന് എറണാകുളം