പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സ്‌ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറിക്ക് പാലക്കാട് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വര്‍ഗീസിനെ സ്‌ഥാനാര്‍ഥിയാക്കണമെന്ന് ശുപാര്‍ശ ചെയ്‌ത് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചത്.
വ്യവസായിയായ ഐസക് വര്‍ഗീസിന് സ്‌ഥാനാര്‍ഥിയാകാന്‍ താൽപര്യമുണ്ട്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ അദ്ദേഹത്തെ സ്‌ഥാര്‍ഥിയാക്കുക ആണെങ്കില്‍ സഭയുടെ പിന്തുണ ഉണ്ടാകുമെന്നും ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കാനം രാജേന്ദ്രന് അയച്ച കത്തില്‍ പറയുന്നു. താന്‍ സഭയുടെ വിശ്വസ്‌തനാണ്. അതുകൊണ്ടാണ് സഭ ഇത്തരമൊരു ശുപാര്‍ശ കത്ത് നല്‍കിയതെന്ന് ഐസക് വര്‍ഗീസ് പ്രതികരിച്ചു.
‘സഭക്ക് മണ്ഡലത്തില്‍ 26,000 ത്തോളം വോട്ടുകളുണ്ട്. 2006ന് ശേഷം സിപിഐ മണ്ഡലത്തില്‍ ജയിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും മുസ്‍ലിം ലീഗ് സ്‌ഥാനാര്‍ഥികളാണ് ജയിച്ചത്. സഭയുടെ വോട്ടുകള്‍ വാങ്ങിയ അവര്‍ സഭക്ക് യാതൊരു പരിഗണനയും നല്‍കിയില്ല. ഇതില്‍ സഭക്ക് അതൃപ്‌തിയുണ്ട്. അതുകൊണ്ടു തന്നെ സഭക്ക് വിശ്വസ്‌തനായ ഒരാള്‍ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയാകണം. സിപിഐ തനിക്ക് സീറ്റ് നല്‍കിയാല്‍ സഭയുടെ പിന്തുണയോടെ ജയിക്കാന്‍ പറ്റുമെന്ന ആത്‌മ വിശ്വാസമുണ്ട്’ -ഐസക് പറഞ്ഞു.
ബിഷപ്പ് മാത്രമല്ല വിശ്വകര്‍മ സഭ, രാമഭദ്ര സംഘടന ഉള്‍പ്പെടെയുള്ളവരും തനിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവരെല്ലാം സ്‌ഥാനാര്‍ഥിയാകണമെന്ന് തന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ്. അതുകൊണ്ട് ബിഷപ്പ് കത്ത് നല്‍കിയത് വലിയ വാര്‍ത്തയോ വിവാദമോ ആക്കേണ്ട കാര്യമില്ലെന്നും ഐസക് പ്രതികരിച്ചു. അതേസമയം സിപിഐ പാലക്കാട് ജില്ലാകമ്മിറ്റിയോ ബിഷപ്പോ കത്തിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല.
Malabar News: വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം സ്‌ഥലങ്ങൾ പരിശോധിച്ചു